09 July, 2026 12:59:08 PM
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലുള്ള തിരുവനന്തപുരം കോർപറേഷനിലെ ബി ജെ പി കൗൺസിലർ സുഗതന് ഒരു ദിവസത്തെ ജാമ്യം. സത്യപ്രതിജ്ഞ അസാധുവായ സാഹചര്യത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം അനുവദിച്ചത്. ജൂലായ് 13 വൈകിട്ട് അഞ്ച് മണി മുതൽ ജൂലായ് 14 രാത്രി 9 മണി വരെയാണ് ജാമ്യം. നെടുമങ്ങാട് കോടതിയാണ് ജാമ്യം അനുവദിച്ചത്.
രണ്ടു കേസുകളിലാണ് സുഗതന് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ഹൈക്കോടതി നിർദേശപ്രകാരം സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുകയുള്ളൂവെന്ന് പ്രതിഭാഗം കോടതിയെ അറിയിക്കുകയായിരുന്നു.
കാപ്പ പ്രകാരം ജയിലിൽ കഴിയുന്നതിനാൽ ആ വകുപ്പു പ്രകാരമുള്ള ഇളവുകൂടി ലഭിച്ചാൽ മാത്രമേ സുഗതന് പുറത്തിറങ്ങാനാകൂ. അത് ഹൈക്കോടതിയിൽനിന്നാണ് ലഭിക്കേണ്ടത്. കാപ്പാ കേസിന് കാരണമായ കേസുകളിലാണ് ഇപ്പോൾ സുഗതന് ഇടക്കാല ജാമ്യം ലഭിച്ചിരിക്കുന്നത്. ഇനി കാപ്പയിൽ ഇളവ് ലഭിക്കാൻ സുഗതന് ഹൈക്കോടതിയെ സമീപിക്കാനാകും. നഗരസഭയിലെ വാഴാട്ടുകോണം വാർഡ് കൗൺസിലറാണ് സുഗതൻ.






