26 July, 2026 08:43:01 PM


ഞാനായിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നു- ടി ജി മോഹൻദാസ്



കൊച്ചി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നയിച്ച പ്രതിഷേധത്തിനെതിരെ വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് സൈദ്ധാന്തികൻ ടി ജി മോഹന്‍ദാസ്. പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നുവെന്നുമാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്. 'പത്രിക' എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിൻ്റെ പരാമര്‍ശം.

'ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകള്‍ ചിതറിയോടും. കുറേ പേര്‍ മരിക്കും, കുറേ പേര്‍ മരിക്കില്ല, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കും' എന്നാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്.

പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹന്‍ദാസ് പറയുന്നുണ്ട്. ഗുജറാത്ത് കലാപം ഓര്‍ത്ത് നോക്കണം. ഗുജറാത്തിലെ പതിനാല് ജില്ലകളിലായിരുന്നു അന്ന് കലാപം. ഡല്‍ഹിയിലെ പോലെ ഒന്നര സ്‌ക്വയര്‍ കിലോമീറ്ററിലെ ബഹളമായിരുന്നില്ല. അന്ന് ഒരു അഡ്മിനിസ്‌ട്രേറ്റീവ് പരിചയവുമില്ലാത്ത നരേന്ദ്ര മോദി എന്ന മുഖ്യമന്ത്രിയായിരുന്നു അത് ഹാന്‍ഡില്‍ ചെയ്തത്. അന്ന് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയ് പോലും മോദിയെ കയ്യൊഴിഞ്ഞു. മോദി ഒറ്റപ്പെട്ടു. എല്ലാം സഹിച്ച് മോദി ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു. ഗുജറാത്ത് പോലെ ഒരുപാട് കലാപങ്ങളും ബോംബേറുകളും കണ്ടയാളാണ് മോദിയെന്നും ടി ജി മോഹന്‍ദാസ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925