12 July, 2026 09:15:59 PM
ഉസ്ബെക്കിസ്ഥാനിലെ മലയാളി വിദ്യാർഥിനിയുടെ മരണം; കേസെടുത്ത് വനിതാ കമ്മീഷൻ

ന്യൂഡല്‍ഹി: ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. സ്വമേധയാ ആണ് ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തത്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ട് കേരള ഡിജിപി റവാഡ ചന്ദ്രശേഖറിന് ദേശീയ വനിതാ കമ്മീഷന്‍ കത്തയച്ചു. ആക്രമണത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമത്തിനും ഇരയായെന്ന ആരോപണത്തില്‍ കമ്മീഷന്‍ അതീവ ആശങ്ക രേഖപ്പെടുത്തി.
ജൂലൈ മൂന്നിനായിരുന്നു ഉസ്‌ബെക്കിസ്ഥാനില്‍ ആലപ്പുഴ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ടത്. സഹപാഠിയായ സദറുല്‍ അനവ് സാവരിയയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായി പരിക്കേറ്റ സാവരിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ഇതിന് പിന്നാലെ സദറുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.






