12 July, 2026 06:10:14 PM
അർജന്‍റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി; യുവാവിന്‍റെ വിരലുകൾ അറ്റു

കോഴിക്കോട്: ചക്കുംകടവിൽ അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിച്ച യുവാവിന്റെ വിരലുകൾ അറ്റുപോയി. ചക്കുംകടവ് സ്വദേശിയായ മുഹമ്മദ് സഹദിനാണ് (22) ഗുരുതരമായി പരിക്കേറ്റത്. അബദ്ധത്തിൽ പടക്കം കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ സഹദിന്റെ ഇടതുകൈയിലെ ചെറുവിരലും മോതിരവിരലും പൂർണ്ണമായും നടുവിരലിന്റെ പകുതിയും നഷ്ടമായിട്ടുണ്ട്. സഹദിന്റെ ഇരു കൈകളിലും പടക്കങ്ങൾ ഉണ്ടായിരുന്നു. ഇതിൽ വലതുകൈയിലെ പടക്കം പൊട്ടിച്ച് എറിയുന്നതിനിടയിൽ ഇടതുകൈയിലിരുന്ന പടക്കത്തിന് അപ്രതീക്ഷിതമായി തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കുകൾ ഗുരുതരമായതിനാൽ യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
ഇന്ന് രാവിലെ എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ആരാധകരുടെ ആവേശം നിറഞ്ഞ വിജയാഘോഷങ്ങൾ അരങ്ങേറിയത്.






