13 July, 2026 12:18:54 PM
നിതിന്‍ രാജിന്റെ മരണം; ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ദലിത് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. പ്രൊഫസറുടെ പെരുമാറ്റം 'ക്രൂരവും മനുഷ്യത്വമില്ലാത്തതും' എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാതെ അദ്ദേഹത്തിന് രക്ഷപ്പെടാനാവില്ലെന്നും ബെഞ്ച് അടിവരയിട്ട് പറഞ്ഞു. നേരത്തെ ജാമ്യം തേടി ഹൈക്കോടതി സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
'ക്രൂരത എന്നൊരു വാക്ക് മാത്രമാണ് ഇതില്‍ മനസ്സിലേക്ക് വരുന്നത്. അദ്ദേഹം എങ്ങനെയാണ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നത്?' എന്നാണ് ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ ചോദിച്ചത്. ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജ്, കഴിഞ്ഞ ഏപ്രില്‍ 10-ന് കോളജിന് സമീപമുള്ള കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. മരണത്തിന് മുന്‍പ് നിതിന് കോളജിലെ അധ്യാപകരില്‍ നിന്ന് ജാതി അധിക്ഷേപവും പീഡനവും നേരിടേണ്ടി വന്നിരുന്നതായി ആരോപണമുണ്ട്.
ഡെന്റല്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായ ഡോ. രാം ആണ് കേസിലെ പ്രധാന പ്രതി. വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോ. രാം ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും, പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
ഡോ. റാമും മറ്റൊരു പ്രതിയായ ഫാക്കല്‍റ്റി അംഗം ഡോ. സംഗീത നമ്പ്യാരും നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഏപ്രില്‍ 25-ന് സെഷന്‍സ് കോടതി ഡോ. സംഗീതയ്ക്ക് ജാമ്യം അനുവദിച്ചെങ്കിലും ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തുടര്‍ന്ന് ഡോ. റാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജൂണ്‍ 19-ന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.






