04 June, 2026 06:33:26 PM


കോട്ടയത്തെ ഗതാഗതക്കുരുക്ക്; പരിഹാരത്തിനായി ഉദ്യോഗസ്ഥ സമിതിയുടെ പരിശോധന തുടങ്ങി



കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക്  പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ  ജൂൺ ഒന്നിനു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം  എം.സി റോഡിൽ ചിങ്ങവനം മുതൽ പുളിമൂട് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലും കഞ്ഞിക്കുഴിയിലും സന്ദർശനം നടത്തിയത്.

നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, നഗരസഭാ കൗൺസിലർമാരായ എസ്. ഗോപകുമാർ, ധന്യ ഗിരീഷ്, കെ.കെ. പ്രസാദ്, സൂസൻ കെ. സേവ്യർ എന്നിവരും വ്യാപാരികളും പൊതുജനങ്ങളും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ സമിതിയുമായി പങ്കുവച്ചു. ശേഷിക്കുന്ന ഭാഗങ്ങളിൽ സമിതി വരും ദിവസങ്ങളിൽ സന്ദർശനം നടത്തുമെന്ന്  ജില്ലാ കളക്ടർ അറിയിച്ചു. സമിതിയുടെ കരട് റിപ്പോർട്ടിൽ വിശദമായ ചർച്ച നടത്തി തയ്യാറാക്കിയായിരിക്കും അടിയന്തര പരിഷ്‌കാരങ്ങൾ വരുത്തുകയെന്ന് സ്പീക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോട്ടയം ആർ.ടി.ഒ ഡി. ജയരാജ്, പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജോൺ കെന്നത്ത്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ടി.എസ് ജയരാജ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ രാജ്,നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.ആർ ബൈജു, ദേശീയപാതാ വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ എ.എസ്. സുര, വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ബാസ്റ്റിൻ ജോൺ,പൊതുമരാമത്തു വകുപ്പ് മെയിൻറനൻസ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ മായ കെ. നായർ, കെ.എസ്.ഇ.ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ വിജി പ്രഭാകരൻ,നഗരസഭാ സെക്രട്ടറി ബി.അനിൽകുമാർ  എന്നിവരും പരിശോധനാ സമിതിയിൽ ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937