17 June, 2026 03:09:42 PM


ഭാര്യയുടെ വിവാഹേതര ബന്ധം; പത്തനംതിട്ടയിൽ യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം



കൊച്ചി: വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന പരാതിയിൽ യുവാവിന് നഷ്ട പരിഹാരം അനുവദിച്ച് കുടുംബ കോടതി. മരട് സ്വദേശിയുടെ ഹർജിയിൽ മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും ചേർന്ന് 15 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് പത്തനംതിട്ട കുടുംബക്കോടതി വിധിച്ചത്. 

വിവാഹ സമയത്ത് വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണമോ അതിന്റെ നിലവിലെ വിപണി മൂല്യമോ 6 ശതമാനം പലിശ സഹിതം ഭാര്യ തിരികെ നൽകണമെന്നും ജഡ്ജി ഡോണി തോമസ് വർഗീസ് ഉത്തരവിട്ടു. ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ശേഷവും യുവതി മറ്റൊരാളുമായുള്ള ബന്ധം തുടർന്നുവെന്നും, നേരത്തേ ഗർഭഛിദ്രം നടത്തിയ വിവരം മറച്ചുവെച്ചെന്നും, വിവാഹ ശേഷവും ഗർഭഛിദ്രത്തിന് വിധേയയായെന്നും ഹർജിക്കാരൻ ആരോപിച്ചു.

വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്റെ അന്തസ് തകർത്തത് എന്നിവ കണക്കിലെടുത്താണ് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചത്. 2018 ജൂലൈയിൽ ഹർജി നൽകിയ തീയതി മുതൽ 6 ശതമാനം പലിശയും നൽകണമെന്ന് കോടതി നിർദേശിച്ചു. എതിർ കക്ഷികളായ യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരെയും നഷ്ട പരിഹാരം നൽകുന്നതിൽ ബാധ്യസ്ഥരാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K