15 June, 2026 02:18:33 PM
ടിക്കറ്റില്ലാതെ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ യാത്രക്കൊരുങ്ങിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ യാത്രക്കാര്‍ ഇറക്കിവിട്ടു

കോട്ടയം: കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസില്‍ കയറി ബഹളമുണ്ടാക്കി ടിക്കറ്റ് ഇല്ലാതെ യാത്രക്കൊരുങ്ങിയ മഹിളാമോർച്ച പ്രവർത്തകരെ യാത്രക്കാർ വഴക്ക് പറഞ്ഞ് ഇറക്കിവിട്ടു. സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര ആവശ്യപ്പെട്ട് കോട്ടയത്ത് പ്രതിഷേധം നടത്തിയ മഹിളാ മോർച്ച പ്രവര്‍ത്തകരാണ് സ്വയം പരിഹാസ്യരായി സമരത്തിൽ നിന്നും പിൻവാങ്ങിയത്.
കോട്ടയം ഡിപ്പോയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് സർവീസ് ആരംഭിക്കാനിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു ഇവരുടെ സമരം. പ്രതിഷേധത്തിന്‍റെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ ഉഷാ സുരേഷിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തകർ ബസിനുള്ളിൽ കയറി മുദ്രാവാക്യങ്ങൾ മുഴക്കുകയും യാത്ര തടസ്സപ്പെടുത്തുകയും ചെയ്തത്. ഇതോടെ യാത്രക്കാരും സമരക്കാരും തമ്മിൽ വാക്കുതർക്കത്തിനും സാഹചര്യമുണ്ടായി. ബസിലുണ്ടായിരുന്ന യാത്രക്കാർ ഒന്നടങ്കം സമരക്കാർക്കെതിരെ രംഗത്തുവന്നു.
ജോലിസ്ഥലങ്ങളിലേക്കും ആശുപത്രികളിലേക്കും മറ്റ് അത്യാവശ്യ ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യേണ്ടവർക്ക് സമരം മൂലം ബുദ്ധിമുട്ട് നേരിടേണ്ടിവന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടി. ഇവരുടെ പ്രതിഷേധം യാത്രാസൗകര്യത്തെ ബാധിക്കുന്നതാണെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ടുള്ള സമരരീതി അംഗീകരിക്കാനാകില്ലെന്നും ചിലർ പ്രതികരിച്ചു.
ബസിനുള്ളിൽ യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധവും എതിർപ്പും ഉയർന്നതിനെ തുടർന്ന് മഹിളാ മോർച്ച പ്രവർത്തകർ ബസിനുള്ളിലെ സമരം അവസാനിപ്പിച്ച് പുറത്തിറങ്ങുകയായിരുന്നു. ഒടുവില്‍ യാത്രക്കാര്‍ വൈലന്‍റ് ആണെന്നും നമുക്ക് പിന്മാറാം എന്നും ഉഷാ സുരേഷ് ഒരു ബിജെപി പ്രവര്‍ത്തകന്‍റെ ചെവിയില്‍ പറയുന്നത് ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വൈറലായി. സംഭവം ഡിപ്പോയിൽ കുറച്ചുസമയം സംഘർഷാവസ്ഥ സൃഷ്ടിച്ചെങ്കിലും പിന്നീട് സ്ഥിതി ശാന്തമായി. സമരത്തെ തുടർന്ന് ബസിന്‍റെ സർവീസ് താൽക്കാലികമായി വൈകിയതായി അധികൃതർ അറിയിച്ചു.
സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസിൽ യാത്രാ സൗജന്യം ഇന്ന് ആരംഭിച്ചത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം അനുസരിച്ചാണ്. എല്ലാ ബസുകളിലും സൗജന്യയാത്ര നടപ്പിലാക്കുന്നത് സർക്കാരിൻ്റെ പരിഗണനയിലിരിക്കെ ഈ അനാവശ്യസമരം നാട്ടുകാരെ ബുദ്ധിമുട്ടിപ്പിക്കുന്നതിന് മാത്രമേ ഉപകരിച്ചുവെന്നും ഇവർ സ്വയം പരിഹാസ്യരാകുകയാണ് ചെയ്തതെന്നും യാത്രക്കാർ ഒന്നടങ്കം പറയുന്നു. തിരഞ്ഞെടുപ്പിന് മുന്നേ യുഡിഎഫും എൽഡിഎഫും ബിജെപിയും ഉൾപ്പെടെ വാഗ്ദാനങ്ങൾ നൽകുന്നത് പതിവാണെങ്കിലും ആരും തന്നെ അവയെല്ലാം പാലിക്കാറില്ലല്ലോയെന്നും അവർ ചൂണ്ടികാട്ടി. നാട്ടുകാരെ ബുദ്ധിമുട്ടിച്ചുള്ള വനിതാ നേതാവിൻ്റെയും മറ്റും ഈ നടപടി ബിജെപി പ്രവർത്തകർക്കിടയിലും അമർഷത്തിന് കാരണമായിട്ടുണ്ട്.






