31 December, 2024 09:02:32 AM
കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി; ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിർമിച്ച ഗ്യാലറിയില്‍ നിന്നും വീണ് പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിതിയുള്ളതായി റിപ്പോർട്ട്. മകൻ കണ്ടപ്പോൾ കൈകാലുകൾ അനക്കിയതായും കണ്ണുകൾ തുറന്നതായും റിപ്പോർട്ടുകളുണ്ട്. വീഴ്‌ചയിൽ ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ ഉമ ഇപ്പോഴും പാലാരിവട്ടം റിനൈ മെഡി സിറ്റിയിൽ വെന്റിലേറ്ററിലാണ്. എംഎൽയുടെ ആരോഗ്യനിലയെ സംബന്ധിച്ച് ഇന്ന് രാവിലെ പത്തിന് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വരാനുണ്ട്. ബുള്ളറ്റിൻ വന്നാൽ മാത്രമേ ആരോഗ്യനിലയിൽ എത്രത്തോളം പുരോഗതിയുണ്ടെന്ന് വ്യക്തമാകുകയുള്ളൂ.
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് മൃദംഗ വിഷൻ തയ്യാറാക്കിയ മെഗാ ഭരതനാട്യ പരിപാടിയുടെ ഉദ്‌ഘാടനപരിപാടിക്ക് എത്തിയപ്പോഴാണ് എംഎൽഎ 15 അടി ഉയരത്തിൽനിന്ന് വീണത്. സ്റ്റേജ് തയ്യാറാക്കുന്നതിൽ ഉൾപ്പെടെ സംഘാടകർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽപ മൂന്ന് പോരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിയുടെ നടത്തിപ്പുകാരായ മൃദംഗ വിഷൻ എന്ന സ്ഥാപനത്തിന്റെ സിഇഒ തിരുവനന്തപുരം കഴക്കൂട്ടം മനക്കാട്ടിൽ ഷമീർ അബ്ദുൾ റഹിം (38), ക്രമീകരണങ്ങൾ ഒരുക്കിയ ഇവന്റ്സ് ഇന്ത്യ പ്രൊപ്രൈറ്റർ വാഴക്കാല സ്വദേശി എം ടി കൃഷ്‌ണകുമാർ (45), താൽക്കാലിക സ്റ്റേജ് തയ്യാറാക്കിയ മുളന്തുരുത്തി വെട്ടിക്കൽ വഴിക്കാട്ടുപറമ്പിൽ ബെന്നി (53)എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത്, അഗ്നിരക്ഷാസേന, പൊലീസ്, ജിസിഡിഎ എന്നിവ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്‌ചകൾ കണ്ടെത്തിയതോടെയാണ് അറസ്റ്റ്