07 January, 2026 11:18:07 AM
ബില്ല് അടയ്ക്കുന്നതുവരെ രോഗിയെ തടഞ്ഞുവെച്ചു: ഇൻഷുറൻസ് കമ്പനിയും ആശുപത്രിയും നഷ്ടപരിഹാരം നൽകണം

മലപ്പുറം: ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയിൽ തടഞ്ഞുവെക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ സുപ്രധാന വിധി. ആശുപത്രി ബില്ലിന്റെ പേരിൽ രോഗിയെ വിട്ടയക്കാതിരുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തിയ കമ്മീഷൻ, പരാതിക്കാരന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കും സ്വകാര്യ ആശുപത്രിയ്ക്കും ഉത്തരവിട്ടു.
2024 സെപ്റ്റംബര്‍ 18 നാണ് ചുങ്കത്തറ സ്വദേശി കോയക്കുട്ടിയുടെ മകന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ സര്‍ജറി നടത്തിയത്. സെപ്റ്റംബര്‍ 19 ന് ഡിസ്ചാര്‍ജ്ജ് ആവുകയും ചെയ്തു. ചികിത്സക്ക് അഡ്വാന്‍സ് ആയി 11,000 രൂപ ഇന്‍ഷുറന്‍സ് അനുവദിച്ചെങ്കിലും 66,500 രൂപക്ക് പകരം 41,800 രൂപ മാത്രമാണ് ഇന്‍ഷുറന്‍സ് തുക അനുവദിച്ചത്. കൂടുതല്‍ തുക അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചത്. ബന്ധുക്കളില്‍ നിന്നും കടം വാങ്ങി ബില്ല് പൂര്‍ണ്ണമായും അടച്ച ശേഷം വൈകിട്ടാണ് കോയക്കും കുടുംബത്തിനും ആശുപത്രി വിട്ടുപോകാന്‍ കഴിഞ്ഞത്.
താന്‍ പൈസ കരുതിയിട്ടുണ്ടായിരുന്നില്ലെന്നും ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ 24700 രൂപ വേണമെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിയതായും പരാതിക്കാരന്‍ പറഞ്ഞു. രാവിലെ 9 മണിക്ക് ഡിസ്ചാര്‍ജായ താന്‍ പോകുമ്പോള്‍ നാലു മണിയായി. തുക സംഘടിപ്പിച്ച് അടയ്ക്കാനും താമസം വന്നു. ഓപ്പറേഷന്‍ കഴിഞ്ഞ കുട്ടിയും ഭാര്യയും നില്‍ക്കേണ്ട അവസ്ഥ വന്നു.
അഞ്ചു ദിവസം കഴിഞ്ഞ് 23,905 രൂപ കൂടി ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചു. ഇന്‍ഷ്യുറന്‍സ് കമ്പനിയുടെ ഭാഗത്തെ വീഴ്ചയാണെന്നും ആരോപിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ഇന്‍ഷുറന്‍സ് തുക അനുവദിക്കാത്തതിനാല്‍ ആശുപത്രിയില്‍ കഴിയാനിടവന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗത്തും ആശുപത്രിയുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് കമ്മീഷന്‍ നടപടി. നാല്‍പത്തഞ്ച് ദിവസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം ഒന്‍പത് ശതമാനം പലിശയും നല്‍കണം.






