05 January, 2026 12:40:21 PM
'മന്നം സമാധിയിൽ പുഷ്പാർച്ചന അനുവദിച്ചില്ല': എൻഎസ്എസ് നേതൃത്വത്തിനെതിരെ ബംഗാൾ ഗവർണർ

ദില്ലി: മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന പരാതിയുമായി ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് അവഗണന നേരിട്ടതെന്നാണ് ആനന്ദബോസ് വ്യക്തമാക്കുന്നത്. എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്നും താനൊരു കരയോഗം നായരെന്നും സിവി ആനന്ദബോസ് പറയുന്നു.
എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷഭാഷയിൽ തുറന്നടിച്ച ആനന്ദബോസ് ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നതെന്നും പ്രതികരിച്ചു. മന്നംസമാധിയിൽ പുഷ്പാർച്ചന നടത്തുകയെന്നത് നായർ സമുദായാംഗങ്ങളുടെ അവകാശമല്ലേ? ഒരാൾക്ക് മാത്രമാണോ കുത്തകാവകാശം എന്ന് ചോദിച്ച ഗവർണർ പെരുന്നയിലുണ്ടായത് സങ്കടകരമായ സംഭവമെന്നും ചൂണ്ടിക്കാട്ടി. ദില്ലിയിൽ മന്നത്തിന്‍റെ സ്‌മാരകം നിർമിക്കണമെന്നും സ്‌മാരകം നിർമിക്കാൻ ഒരുമാസത്തെ ശമ്പളം സംഭാവന നൽകുമെന്നും ബംഗാൾ ഗവർണർ സിവി ആനന്ദബോസ് വ്യക്തമാക്കി.






