10 January, 2026 09:10:39 AM


ശബരിമലയില്‍ എസ്‌ഐയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി 10,000 രൂപ തട്ടി; പ്രതി പിടിയില്‍



ശബരിമല: ശബരിമലയിൽ എസ്ഐയുടെ എടിഎം കാർഡ് കൈക്കലാക്കി 10,000 രൂപ കവർന്ന് സ്വകാര്യകമ്പനിയുടെ താത്കാലിക ജീവനക്കാരൻ. മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി. മാവേലിക്കര കണ്ടിയൂർ അറയ്ക്കൽ തെക്കതിൽ ജിഷ്ണു സജികുമാറാണ് അറസ്റ്റിലായത്.

തമിഴ്‌നാട്ടിൽനിന്ന് ദർശനത്തിനെത്തിയ ചെന്നൈയിലെ എസ്ഐ വടിവേലിന്റെ എടിഎം കാർഡാണ് ജിഷ്ണു മോഷ്ടിച്ചത്. 15-ാം നമ്പർ കൗണ്ടറിൽ നിന്ന് എസ്ഐ വടിവേൽ 1460 രൂപയുടെ അപ്പം, അരവണ പ്രസാദം എന്നിവ വാങ്ങിച്ചു. ശേഷം പണമടക്കുന്നതിനായി എടിഎം കാർഡ് സ്വൈപ്പ് ചെയ്യാൻ കൗണ്ടറിലെ താത്കാലിക ജീവനക്കാരനായ ജിഷ്ണുവിന് നൽകി. ഈസമയം ജിഷ്ണു എടിഎം കാർഡിന്റെ രഹസ്യ നമ്പർ മനസ്സിലാക്കി. പണം ക്രെഡിറ്റ് ആയതിന് ശേഷം എസ്ഐ സ്വൈപ്പ് ചെയ്യാൻ നൽകിയ കാർഡിന് പകരം ജിഷ്ണു കൈയിൽ കരുതിയ മറ്റൊരു കാർഡാണ് തിരിച്ചുനൽകിയത്. ഇതറിയാതെ എസ്ഐയും സംഘവും ദർശനം കഴിഞ്ഞ് മടങ്ങുകയും ചെയ്തു.

കുറച്ചുസമയം കഴിഞ്ഞപ്പോൾ, ജിഷ്ണു കൈക്കലാക്കിയ എസ്ഐയുടെ എടിഎം കാർഡ് ഉപയോഗിച്ച് സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയിൽനിന്ന് 10,000 രൂപ പിൻവലിച്ചു. പണം പിൻവലിച്ചെന്ന സന്ദേശം ഫോണിൽ ലഭിച്ചതോടെയാണ് എസ്ഐക്ക് ചതി മനസിലായത്. ഉടൻ എസ്ഐ ധനലക്ഷ്മി ബാങ്കിനെ വിവരം അറിയിച്ചു. ധനലക്ഷ്മി ബാങ്കു വിജിലൻസിന് പരാതി നല്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണു പിടിയിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K