30 December, 2025 11:11:51 AM


പണം നൽകാൻ വൈകി; യുവതിയെ ബസിൽ നിന്ന് ഇറക്കി വിട്ടു; കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു



തിരുവനന്തപുരം: വെള്ളറടയിൽ രോഗിയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്കെതിരെ നടപടി. എംപാനൽ ജീവനക്കാരനായ സി അനിൽകുമാറിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി.ഗൂഗിൾ പേ വഴി പണം നൽകിയത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇറക്കിവിട്ടത്. വെള്ളറട സ്വദേശി ദിവ്യയാണ് പരാതിക്കാരി.

കഴിഞ്ഞ 26 ന് രാത്രി ആയിരുന്നു വെള്ളറട സ്വദേശിയായ ദിവ്യയെ കണ്ടക്ടർ ബസ്സിൽ നിന്നിറക്കിവിട്ടത്. കണ്ടക്ടർ മോശമായി പെരുമാറിയെന്നതടക്കം കാണിച്ച് ഡിപ്പോ അധികൃതർക്ക് പിറ്റേന്ന് രാവിലെ തന്നെ ദിവ്യ പരാതി നൽകിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം കെ.എസ്.ആർ.ടി.സി വിജിലൻസ് അന്വേഷണം ആരംഭിച്ചു.

കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രി ലാബ് ടെക്നീഷ്യയായ താൻ 26 ന് രാത്രി 8 45 നാണ് കൂനമ്പനയിൽ നിന്ന് ബസ് കയറിയത്. പേഴ്സ് എടുക്കാൻ വിട്ടുപോയതിനാൽ ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചു. സർവർ ബിസി ആയതിനാൽ ആ ശ്രമം പരാജയപ്പെട്ടു. കുറച്ച് ദൂരം മാറിയാൽ നെറ്റ് വർക്ക് പ്രശ്നം മാറുമെന്നും ഇല്ലെങ്കിൽ തന്നെ കാത്തുനിൽക്കുന്ന ഭർത്താവ് ബസ് വെള്ളറടയിൽ എത്തിയാൽ ഉടൻ പണം നൽകുമെന്ന് പറഞ്ഞെങ്കിലും കണ്ടക്ടർ കേട്ടില്ല. മറ്റുള്ളവരുടെ മുന്നിൽവെച്ച് അപമാനിച്ചു. വളരെ മോശമായി പെരുമാറി. തുടർന്ന് കാരക്കോണത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയും ചെയ്തുവെന്നാണ് ദിവ്യയുടെ പരാതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932