01 January, 2026 06:40:04 PM


സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന് തുടക്കം; സന്നദ്ധ പ്രവർത്തകർ വീടുകളിലേക്ക്



കോട്ടയം: സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുവാൻ ലക്ഷ്യമിടുന്ന നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദർശനം കോട്ടയം ജില്ലയിൽ ആരംഭിച്ചു.

സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.ടി. തോമസിന്റെ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിലാണ് ആദ്യം വിവര ശേഖരണം നടത്തിയത്. ജില്ലാ കളക്ടർ ചേതൻകുമാർ മീണ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും കൈമാറി.

വിപുലമായ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ പത്തു വർഷങ്ങളെന്ന് ജസ്റ്റീസ് കെ.ടി. തോമസ് പറഞ്ഞു. ഏതു ഭരണ സംവിധാനത്തിലുമെന്നപോലെ നേട്ടങ്ങൾക്കൊപ്പം കുറവുകളും സംഭവിച്ചിട്ടുണ്ടാകാം. ഗതാഗതം, വിനോദ സഞ്ചാര മേഖലകളിൽ ക്രിയാത്മകമായ ആശയങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം ജില്ലാതല സമിതി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, അംഗങ്ങളായ എൻ.എസ്. ഷൈൻ, ബിലാൽ കെ.റാം. കോട്ടയം നിയമസഭാ നിയോജക മണ്ഡലം ചാർജ് ഓഫീസർ ടി. ബൾക്കീസ് എന്നിവരും സന്നിഹിതരായിരുന്നു.

ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായാണ് കർമ്മ സമിതി അംഗങ്ങൾ വിവര ശേഖരണത്തിനായി ആദ്യമായി സംവദിച്ചത്. ജോബ് മൈക്കിൾ എംഎൽഎയും ജില്ലാ കളക്ടറും ചേർന്ന് ബ്രോഷറും മുഖ്യമന്ത്രിയുടെ കത്തും മെത്രാപ്പോലീത്തയ്ക്ക് കൈമാറി. ചാർജ് ഓഫീസർ കെ.ടി.  ഷാമോൻ സന്നിഹിതനായിരുന്നു.

വൈക്കം നിയമസഭാ മണ്ധലത്തിൽ ജില്ലാതല സമിതി അംഗം ടി.പി. ശ്രീശങ്കർ, ചാർജ് ഓഫീസർ കെ.പി. നമിത എന്നിവരുടെ സാന്നിധ്യത്തിൽ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വസതിയിൽ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു.

പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരാണ് സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിന് ഭവന സന്ദർശനം നടത്തുന്നത്. ജില്ലാ കളക്ടർ ചെയർമാനായുള്ള സമിതിയാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിയമസഭാ നിയോജക മണ്ഡലം തലത്തിൽ ചാർജ് ഓഫീസർമാർ പരിശീലനത്തിന്റെയും ഭവന സന്ദർശനത്തിന്റെയും മേൽനോട്ടം നിർവഹിക്കുന്നു.

വീടുകൾക്കു പുറമെ തൊഴിൽ ശാലകൾ, കൃഷിയിടങ്ങൾ, ഫ്‌ളാറ്റുകൾ, ഉന്നതികൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കർമ്മസേനാംഗങ്ങൾ ജനങ്ങളുമായി സംവദിക്കും. സംസ്ഥാനത്തിന്റെ ഭാവി വികസനം സംബന്ധിച്ചുള്ള ആശങ്ങൾക്കു പുറമേ നിലവിൽ നടന്നുവരുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള  നിർദേശങ്ങളും സ്വീകരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914