02 July, 2024 12:46:11 PM


'മിന്നാമിനുങ്ങേ മിന്നുംമിനുങ്ങേ' ഗാനം ആദ്യമായി സിനിമയിൽ അവതരിപ്പിച്ച സംവിധായകൻ സുധീർ ബോസ് അന്തരിച്ചു



തിരുവനന്തപുരം: സംവിധായകൻ കെ.എസ് സുധീർ ബോസ് (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. രോ​ഗബാധയെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കലാഭവൻ മണിയും രംഭയും പ്രധാന വേഷത്തിലെത്തിയ കബഡി കബഡി എന്ന ചിത്രത്തിന്റെ ഇരട്ട സംവിധായകരിൽ ഒരാളായിരുന്നു.

കലാഭവൻ മണി പാടിയ മിന്നാമിനുങ്ങേ മിന്നുംമിനങ്ങേ... എന്ന് തുടങ്ങുന്ന​ ​ഗാനത്താൽ ശ്രദ്ധേയമായിരുന്നു കബഡി കബഡി. പി.ജി.വിശ്വംഭരന്റെ പുത്തൂരംപുത്രി ഉണ്ണിയാർച്ച, അലി അക്ബറിന്റെ ബാംബൂ ബോയ്‌സ്, ദീപൻ സംവിധാനം ചെയ്ത താന്തോന്നി തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു.

സിനിമ എഡിറ്റിങ്ങിൽ ശങ്കുണ്ണിയുടെ അസിസ്റ്റന്റായിരുന്നു. രണ്ടു വർഷം മുൻപു വരെ സിനിമാരംഗത്ത് സജീവമായിരുന്നു. ബാലയുമായി ചേർന്ന്‌ ഒരു സിനിമ ചെയ്യുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. സീരിയലുകളിലും പ്രവർത്തിച്ചു. ഉന്നം എന്ന ഷോർട്ട് ഫിലിമാണ് ഒടുവിൽ ചെയ്തത്. സിനിമാ നിർമാതാക്കളായ സുധാദേവി ഫിലിംസ് ഉടമ എസ്.സുധാദേവിയുടെയും പരേതനായ വി.കേശവൻ നായരുടെയും മകനാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K