25 February, 2024 01:08:07 PM


ചലച്ചിത്ര സംവിധായകൻ കുമാര്‍ സാഹ്‌നി അന്തരിച്ചു



മുംബൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി(83) അന്തരിച്ചു. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും കുമാര്‍ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ചു.

1940 ഡിസംബര്‍ ഏഴിന് ലര്‍ക്കാനയിലാണ് ജനനം. പിന്നീട് കുടുംബസമേതം മുംബൈയിലേയ്ക്ക് താമസം മാറ്റി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ സാഹ്നി പ്രശസ്ത സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാളായിരുന്നു.

1972-ല്‍ ഒരുക്കിയ മായാ ദര്‍പണ്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. സംഗീതത്തെയും നൃത്തത്തേയും ആസ്പദമാക്കി ഒരുക്കിയ രണ്ടുചിത്രങ്ങളില്‍ ദൈനംദിന ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് അദ്ദേഹം പകര്‍ത്തിയത്. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997-ല്‍ രബീന്ദ്രനാഥ് ടാഗോറിന്റെ ഛാര്‍ അധ്യായ് എന്ന നോവലിനെ കുമാര്‍ സാഹ്നി ചലച്ചിത്രമാക്കി. ഒഡീസ്സി നര്‍ത്തകി നന്ദിനി ഘോഷാലായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. രാജ്യത്തിന് മികച്ച സമാന്തര ചിത്രങ്ങള്‍ സംഭാവന ചെയ്ത കുമാര്‍ സാഹ്നിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് എത്തുകയാണ് സിനിമ ലോകം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K