29 October, 2022 09:35:10 PM
'രേഖകള്‍ എല്ലാം അപൂര്‍ണ്ണം': വസ്തുനികുതി ഡിമാന്‍റ് നോട്ടീസ് വായുവില്‍നിന്ന് സൃഷ്ടിച്ചതോ?
- സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ അനധികൃതകെട്ടിടങ്ങളെ കുറിച്ച് ചോദിച്ചാല്‍ ഉദ്യോഗസ്ഥരും ഭരണാധികാരികളും കൈമലര്‍ത്തും. അത്തരം കെട്ടിടങ്ങളെകുറിച്ചോ നിര്‍മ്മാണങ്ങളെ കുറിച്ചോ അന്വേഷിച്ച് പുറകെ പോയാല്‍ കുടുങ്ങുക തങ്ങളുടെ ഇഷ്ടക്കാര്‍ തന്നെയാകും എന്നത് തന്നെ കാരണം. അതുകൊണ്ടുതന്നെയാണ് മുനിസിപ്പാലിറ്റി വസ്തുനികുതി ചട്ടം 20 പ്രകാരം ഫോം 10ല്‍ യു.എ. നമ്പര്‍ നല്‍കി സൂക്ഷിക്കേണ്ട അനധികൃതകെട്ടിടങ്ങളുടെ ലിസ്റ്റ് ഏറ്റുമാനൂര്‍ നഗരസഭയില്‍ ഇല്ലാതെപോയത്. ഇങ്ങനെ അനധികൃതമായി നിര്‍മ്മിച്ച എത്ര കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിച്ചു എന്നുള്ള രജിസ്റ്ററും ഇവിടെ ലഭ്യമല്ല.
പെര്‍മിറ്റ് എടുക്കാതെ പണി പൂര്‍ത്തിയാക്കി ഒക്യുപ്പന്‍സി ലഭിക്കുന്ന കെട്ടിടങ്ങളുടെ റഗുലറൈസേഷന്‍ ഫീസ് കൃത്യമായി രേഖപ്പെടുത്തുന്നില്ല എന്നു മാത്രമല്ല ഇതിനായി ഒരു റഗുലറൈസേഷന്‍ രജിസ്റ്റര്‍ പോലുമില്ലെന്നാണ് 2020-21ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. അനധികൃതകെട്ടിടങ്ങള്‍ പൊളിച്ചുകളയണമെന്നും നിയമപരമായി നിര്‍മ്മിച്ചിരുന്നെങ്കില്‍ വാങ്ങാവുന്ന നികുതിയും അതിന്‍റെ രണ്ടിരട്ടിയും വരെ പൊളിക്കുന്ന നാള്‍വരെയുള്ളത് ഈടാക്കാനും അധികാരം നഗരസഭയ്ക്കുണ്ട്. എന്നാല്‍ യാതൊരു രേഖകളുമില്ലാതെ കണ്ണടച്ച് ഇരുട്ടാക്കുന്ന നയം മൂലം നഗരസഭാ ഭരണസമിതിയും ഉദ്യോഗസ്ഥരും നഗരസഭയ്ക്ക് വന്‍നഷ്ടമാണ് വരുത്തിവെച്ചത്. വേണ്ടപ്പെട്ടവര്‍ നടത്തുന്ന അനധികൃതനിര്‍മ്മാണങ്ങള്‍ പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടികൂടിയാണ് ഈ ഒളിച്ചുകളിയെന്നും ആരോപണമുണ്ട്.
ഡി ആന്‍റ് ഓ ലൈസന്‍സില്‍ ഉള്‍പ്പെട്ട നിരവധി വാണിജ്യകെട്ടിടങ്ങളെ പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടമാക്കി മാറ്റി വസ്തുനികുതി നിര്‍ണ്ണയിക്കുകയും അത് സഞ്ചയ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുകയും ചെയ്തതിലൂടെ നഗരസഭയ്ക്ക് വന്‍നഷ്ടമാണ് വരുത്തിവെച്ചത്. വാണിജ്യകെട്ടിടങ്ങള്‍ക്ക് ഉപയോഗക്രമത്തിന്‍റെ അടിസ്ഥാനത്തില്‍ ച.മീറ്ററിന് 60 രൂപ മുതലാണ് നികുതി. എന്നാല്‍ ഗാര്‍ഹികഉപയോഗത്തിന് വേണ്ടിയാകുമ്പോള്‍ അത് ച.മീറ്ററിന് 10 രൂപ നിരക്കിലേക്ക് കുറയുന്നു. പ്രഥമമേഖലയില്‍പെട്ട കെട്ടിടങ്ങള്‍ ദ്വിതീയമേഖലയില്‍പ്പെടുത്തി നികുതിയില്‍ 10 ശതമാനം ഇളവനുവദിച്ചതും മേല്‍ത്തരം തറ നിര്‍മ്മിതിയുടെ അടിസ്ഥാനത്തില്‍ 10 ശതമാനം വര്‍ദ്ധനവ് വരുത്താതെ നികുതി നിര്‍ണ്ണയിച്ചതും ഉള്‍പ്പെടെ വന്‍ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്.
ഒട്ടേറെ കെട്ടിടങ്ങളുടെ നികുതി നിര്‍ണ്ണയത്തില്‍ അസസ്മെന്‍റ് രജിസ്റ്ററിലും സഞ്ചയയിലും വന്‍പൊരുത്തക്കേടുകളാണ് കാണുന്നത്. അപേക്ഷകരില്‍നിന്നും ആവശ്യമായ പെര്‍മിറ്റ് ഫീസ് വാങ്ങാതെ 15 പേര്‍ക്ക് കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് 2020-21 വര്‍ഷം നല്‍കി. മുന്‍വര്‍ഷങ്ങളില്‍ പെര്‍മിറ്റ് നല്‍കിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒക്യുപ്പന്‍സി നല്‍കിയതായോ മൂന്ന് വര്‍ഷകാലാവധിക്കുശേഷം പെര്‍മിറ്റ് പുതുക്കിയതായോ രേഖകളില്ല. പെര്‍മിറ്റ് ലഭിക്കുമ്പോള്‍ ഒടുക്കുന്ന രസീത് വിവരങ്ങളും ഒക്യുപ്പന്‍സി ലഭിച്ച കെട്ടിടങ്ങളുടെ റഗുലറൈസേഷന്‍ ഫീസ് വിവരങ്ങളും പ്രത്യേകമായി രേഖപ്പെടുത്തിന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.
സൂപ്പര്‍മാര്‍ക്കറ്റ് / ഷോപ്പിംഗ് മാളായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് കെട്ടിടങ്ങള്‍ക്കും ഉയര്‍ന്ന നികുതി നിര്‍ണ്ണയിച്ചിട്ടില്ല. നഗരസഭയുടെ 2017 ഒക്ടോബര്‍ 10ന് നടന്ന കൌണ്‍സില്‍ തീരുമാനപ്രകാരം 100 ച.മീറ്ററില്‍ താഴെയുള്ള വാണിജ്യ കെട്ടിടങ്ങള്‍ക്ക് 60 രൂപയും 100 ച.മീറ്ററിന് മേല്‍ 75 രൂപയും 200 ച.മീ വരെയുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് 80 രൂപയും 200ന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ച.മീറ്ററിന് 130 രൂപയും പ്രകാരം നികുതി നിര്‍ണ്ണയിക്കേണ്ടതാണ്. മാത്രമല്ല ഒന്നിലധികം കെട്ടിടനമ്പര്‍ ഒരേ കെട്ടിടത്തില്‍ ഉണ്ടെങ്കില്‍ മുഴുവന്‍ കെട്ടിടത്തേയും ഒറ്റ യൂണിറ്റാക്കി ഉയര്‍ന്ന നിരക്കായ 130 രൂപ വെച്ച് നികുതി നിര്‍ണ്ണയിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം കെട്ടിടങ്ങളെ ഓരോ ചെറിയ യൂണിറ്റുകളാക്കി ഏറ്റവും കുറഞ്ഞ നിരക്കിലാണ് നികുതി നിര്‍ണ്ണയം നടത്തിയിട്ടുള്ളത്.
ഇത്തരത്തില്‍ 480.99 ച.മീ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന് അസസ്മെന്‍റ് രജിസ്റ്ററില്‍ ച.മീറ്ററിന് 75 രൂപയും സഞ്ചയയില്‍ 60 രൂപയും പ്രകാരമാണ് നികുതി നിര്‍ണ്ണയിച്ചിരിക്കുന്നത്. 1495.46 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഷോപ്പിംഗ് കോംപ്ലക്സിന് 75 രൂപ നിക്കിലാണ് വസ്തുനികുതി നിര്‍ണ്ണയിച്ചിട്ടുള്ളത്. പക്ഷെ സഞ്ചയയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 60 രൂപ നിരക്കില്‍. തങ്ങളെ "വേണ്ടതുപോലെ" കാണുകയും പരിഗണിക്കുകയും ചെയ്യുന്ന ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള വന്‍കിടസ്ഥാപനങ്ങള്‍ക്ക് കണ്ണടച്ച് ഇത്തരം വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോള്‍ സാധാരണക്കാരന് പതിനായിരങ്ങള്‍ നികുതി അടയ്ക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള ഡിമാന്‍റ് നോട്ടീസാണ് മാസങ്ങള്‍ക്കുമുമ്പ് വിതരണം ചെയ്തത്. ഇങ്ങനെ നോട്ടീസ് കിട്ടിയവരില്‍ അധികവും കഴിഞ്ഞവര്‍ഷം വരെ കൃത്യമായി നികുതി അടച്ചിരുന്നവരും.
നികുതി പിരിവ് സംബന്ധിച്ച ആധികാരികമായ ഒരു കണക്ക് നഗരസഭയില്‍ ഇല്ലെന്ന് തന്നെയാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാതെയാണ് വാര്‍ഷികധനകാര്യപത്രിക തയ്യാറാക്കിയിരിക്കുന്നത്. 2020-21 ല്‍ 18.02 ലക്ഷം രൂപ വസ്തുനികുതിയിനത്തില്‍ പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കുടിശ്ശിക മുഴുവന്‍ പിരിച്ചെടുത്തതായി രേഖയില്ല. കുടിശ്ശിക തുകയെ പറ്റി വ്യക്തമായ കണക്കുകളില്ല. ഡിമാന്‍റ് ലഭ്യമല്ലാത്തതിനാല്‍ മുന്‍വര്‍ഷങ്ങളിലെ രസീതുമായി വന്നാല്‍ മാത്രമേ നികുതിയടക്കാനാവു എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.
നഗരസഭാ പരിധിയില്‍ 23 മൊബൈല്‍ ടവറുകല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍നിന്നും വസ്തുനികുതി പിരിച്ചെടുക്കുന്നില്ല. 5 മൊബൈല്‍ ടവറുകളുടെ കുറച്ച് വിശദാംശങ്ങള്‍ മാത്രമാണ് സഞ്ചയയില്‍ ചേര്‍ത്തിട്ടുള്ളത്. അതും അപൂര്‍ണ്ണം. 18 ടവറുകളുടെ ഒരു വിവരവും ലഭ്യമല്ല. സഞ്ചയയില്‍ ഡേറ്റാ എന്‍ട്രി ജോലികള്‍ക്ക് നാല് താത്ക്കാലിക ജീവനക്കാരെ നിയമിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഡേറ്റാ എന്‍ട്രി ചെയ്ത നിരവധി ഡിമാന്‍റുകളില്‍ വന്‍തെറ്റുകളാണ് കടന്നുകൂടിയിരിക്കുന്നത്. 6000ല്‍ അധികം കെട്ടിടങ്ങളുടെ 2013ലെ പഴയ കെട്ടിടനമ്പര്‍ കണ്ടെത്താനാകാത്തതും പ്രശ്നമായി.
READ ALSO: 'പരേതന്മാര്‍ക്കും ലഭിക്കും' ഏറ്റുമാനൂര്‍ നഗരസഭയില്‍നിന്ന് ക്ഷേമപെന്‍ഷനുകള്‍
ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഈ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണ്. അടുത്തിടെ ഹരിതകര്‍മ്മ സേന മുഖേന എല്ലാ വീട്ടിലും എത്തിച്ച ഡിമാന്‍റ് നോട്ടീസ് വായുവില്‍ നിന്ന് സൃഷ്ടിച്ചതാണോ എന്ന് സംശയിക്കേണ്ടിവരും ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വായിക്കുമ്പോള്‍. മുമ്പ് നികുതി അടച്ചതിന്‍റെയും പഴയ കെട്ടിടനമ്പരിന്‍റെയും ഉള്‍പ്പെടെയുള്ള രേഖകള്‍ നഗരസഭയില്‍ ഇല്ലാ എന്ന കണ്ടെത്തലുകള്‍ ഈ സംശയത്തിന് ആക്കം കൂട്ടുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയ അപാകതകള്‍ പരിഹരിച്ച് മറുപടി നല്‍കാനോ വിഷയം കൌണ്‍സിലിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനോ ഉദ്യോഗസ്ഥരോ ഭരണസമിതിയോ തയ്യാറാകാത്തതും സംശയത്തിനിട നല്‍കുന്നു.
തുടരും... (അടുത്തത് - മരിച്ചാലും നൽകും ക്ഷേമപെൻഷൻ)