25 October, 2025 07:57:45 PM
തിരുവാര്‍പ്പില്‍ നടപ്പിലാക്കിയത് 55 കോടിയലധികം രൂപയുടെ വികസനം- മന്ത്രി വി.എന്‍. വാസവന്‍

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ ഫണ്ടുകള്‍ വിനിയോഗിച്ച് തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ 55 കോടിയിലധികം രൂപയുടെ വികസനം നടപ്പിലാക്കിയെന്ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. കിളിരൂര്‍ സെന്‍റ് ഫ്രാന്‍സിസ് ഡി സാലസ് പാരിഷ് ഹാളില്‍ തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തു കോടി രൂപ ചെലവിട്ട് ഇല്ലിക്കല്‍ പാലം നിര്‍മാണം പൂര്‍ത്തിയാക്കി. കാഞ്ഞിരം- മലരിക്കല്‍ റോഡിനായി അഞ്ചു കോടി രൂപ വിനിയോഗിച്ചു. കാര്‍ഷിക-വിദ്യാഭ്യാസ, ടൂറിസം മേഖലകളിലും വിവിധ പദ്ധതികള്‍ നടപ്പിലാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫിലൂടെ 230 വീടുകള്‍ പഞ്ചായത്ത് പരിധിയില്‍ പൂര്‍ത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിന്‍റെ വികസന നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന വീഡിയോയുടെ പ്രകാശനവും കര്‍മവും മന്ത്രി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.എസ്. അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ ബിലാല്‍ കെ. റാമും ഗ്രാമപഞ്ചായത്തിന്‍റെ നേട്ടങ്ങള്‍ സെക്രട്ടറി ടി.ആര്‍. രാജശ്രീയും അവതരിപ്പിച്ചു.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.എം. ബിന്നു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജയ സജിമോന്‍,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജെസ്സി നൈനാന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. ഷീനാമോള്‍, സി.ടി. രാജേഷ്, കെ.ആര്‍. അജയ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജയന്‍ കെ. മേനോന്‍, രശ്മി പ്രസാദ്, ബുഷ്‌റ തല്‍ഹത്ത്, വി.എസ്. സെമീമ, കെ.എം. ഷൈനിമോള്‍, പി.എസ്. ഹസീദ, കെ.ബി. ശിവദാസ്, ജയറാണി പുഷ്പാകരന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ രജനി മോഹന്‍ദാസ്, അസിസ്റ്റന്‍റ് സെക്രട്ടറി കെ.കെ. മനു എന്നിവര്‍ പങ്കെടുത്തു.






