27 October, 2025 06:02:27 PM
വനിതാ കമ്മിഷന്‍ സിറ്റിംഗ്: ഒന്‍പതു കേസുകള്‍ തീര്‍പ്പാക്കി

കോട്ടയം: തൊഴിലിടങ്ങളിലെ ആഭ്യന്തര സമിതികളേക്കുറിച്ച് വേണ്ടത്ര അവബോധം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകളുടെ സുരക്ഷിതത്വമില്ലായ്മ, സ്വകാര്യ സ്‌കൂളിലെ ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍, അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടതലായും കമ്മീഷന്റെ പരിഗണനയ്ക്കുവന്നത്. സിറ്റിംഗില്‍ 72 കേസുകള്‍ പരിഗണിച്ചതില്‍ ഒന്‍പതെണ്ണം തീര്‍പ്പാക്കി. 58 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. രണ്ട് കേസുകളില്‍ റിപ്പോര്‍ട്ട് തേടുകയും മൂന്ന് കേസുകളില്‍ കൗണ്‍സലിംഗ് നിര്‍ദ്ദേശിക്കുകയും ചെയ്തു. അഭിഭാഷകരായ സി.കെ. സുരേന്ദ്രന്‍, സി.എ. ജോസ്, ഷൈനി ഗോപി, കൗണ്‍സലര്‍ ഗ്രീഷ്മ പ്രസാദ് എന്നിവരും പങ്കെടുത്തു.






