10 November, 2025 09:42:35 AM


ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവം; പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്



കോട്ടയം: ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊൻകുന്നം പൊലീസ്. തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും കൈമാറിയ എഫ്‌ഐആർ ഇന്നലെ പൊൻകുന്നം സ്റ്റേഷനിൽ റീ രജിസ്റ്റർ ചെയ്തു. തന്നെ പീഡിപ്പിച്ചതായി യുവാവ് പേരെടുത്ത് പറഞ്ഞ ആർഎസ്എസ് പ്രവർത്തകനായ നിതീഷ് മുരളീധരനെതിരെയാണ് എഫ്‌ഐആർ. പ്രകൃതിവരുദ്ധ പീഡനത്തിനാണ് കേസെടുത്തിട്ടുള്ളത്. മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസ്.

സെപ്റ്റംബർ പതിനാലിനായിരുന്നു ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയാണ് യുവാവ്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു. ശാഖയില്‍വെച്ച് ആര്‍എസ്എസുകാര്‍ പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു. ചെറുപ്പം മുതൽ തന്നെ പീഡിപ്പിച്ചത് നിതീഷ് മുരളിധരനെന്ന ആർഎസ്എസുകാരനാണെന്നും. ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് ആര്‍എസ്എസിന്റെ ഒന്നിലധികം ക്യാംപുകളില്‍ പങ്കെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ലൈംഗികാതിക്രമം നേരിട്ടതായും ജീവനൊടുക്കുമെന്ന് യുവാവ് പറഞ്ഞിരുന്നതായും സുഹൃത്തുക്കളും പൊലീസിന് മൊഴി നല്‍കിയിരുന്നു. യുവാവിനെ ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309