04 November, 2025 06:51:03 PM


പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം



കോട്ടയം:  പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്(എസ്.ഐ.ആർ) കോട്ടയം ജില്ലയിൽ തുടക്കം. വോട്ടർപട്ടിക പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 1564 ബൂത്തുകളിലും ബി.എൽ.ഒമാർ വോട്ടർമാരുടെ വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്തു തുടങ്ങി. ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ  108 വയസ് പിന്നിട്ട മീനടം മാളിയേക്കൽ ശോശാമ്മ കുര്യന് വീട്ടിലെത്തി ഫോം വിതരണം ചെയ്ത് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നടപടികൾക്ക് തുടക്കം കുറിച്ചു. ശോശാമ്മയുടെ മകൾ  90 വയസ് പിന്നിട്ട എം.കെ. ഏലിയാമ്മയ്ക്കും കളക്ടർ ഫോം കൈമാറി. മുതിർന്ന വോട്ടർ കൂടിയായ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിനെയും വീട്ടിൽ സന്ദർശിച്ച് ജില്ലാ കളക്ടർ എന്യൂമറേഷൻ ഫോം നൽകി.  

ഭിന്നശേഷിക്കാരനായ തിരുനക്കര സ്വദേശി വടക്കേടത്തു വാര്യത്ത് ഉണ്ണികൃഷ്ണൻ,  കാരാപ്പുഴ മാളികപ്പീടികയിലെ 97 വയസ് പിന്നിട്ട ചെല്ലപ്പൻ, ഭാര്യ ജാനകി, മാളികപ്പീടികയിലെ 90 വയസുള്ള മണിയമ്മ, പനച്ചിക്കാട് മലവേടൻ കോളനിയിലെ ചെല്ലമ്മ എന്നിവരുടെ വീടുകളിലും ഫോം നൽകുന്നതിനായി കളക്ടറെത്തി.

 ഫോം വിതരണത്തിനും പൂരിപ്പിച്ച ഫോമുകൾ ശേഖരിക്കുന്നതിനുമായി നവംബർ നാലു മുതൽ ഡിസംബർ നാലുവരെയാണ് ബി.എൽ.ഒമാർ ഭവനസന്ദർശനം നടത്തുന്നത്. ഈ വർഷം വോട്ടർപട്ടികയിൽ ഉണ്ടായിരുന്ന എല്ലാവർക്കും എന്യൂമറേഷൻ ഫോം നൽകും. ബി.എൽ.ഒമാർ നൽകുന്ന രണ്ട്  ഫോമുകളും പൂരിപ്പിച്ച് നൽകണം.

ഒരു കളർ ഫോട്ടോയും(നിർബന്ധമല്ല) ഫോമിൽ പതിക്കാം. ഫോം പൂരിപ്പിക്കാൻ ബി.എൽ.ഒമാരുടെ സഹായം തേടാം. ഓൺലൈനായും ഫോം പൂരിപ്പിക്കാനാകും. കൂടുതൽ വിവരങ്ങൾക്ക് 1950 എന്ന ടോൾ ഫ്രീ നമ്പരിലോ ജില്ലയിലെ ഹെൽപ് ഡെസ്‌കിലോ ബന്ധപ്പെടാം. കോട്ടയം കളക്ട്രേറ്റിലെ ഹെൽപ് ഡെസ്‌ക് നമ്പർ: 0481 256008


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947