29 October, 2022 04:51:58 PM
ഏറ്റുമാനൂരില്‍ വന്‍ നികുതിവെട്ടിപ്പ്: ലിസ്റ്റില്‍ ബ്ലോക്ക് പഞ്ചായത്തും നഗരസഭയും വരെ
- സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: കെട്ടിടനികുതി, വസ്തുനികുതി, തൊഴില്‍നികുതി ഇനങ്ങളില്‍ ഏറ്റുമാനൂര്‍ നഗരസഭയില്‍ നടക്കുന്നത് വന്‍വെട്ടിപ്പ്. നഗരസഭാ പരിധിയിലെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗസ്ഥരും ഭരണാധികാരികളും ആവശ്യമായ ഒത്താശകള്‍ ചെയ്തുനല്‍കികൊണ്ടുള്ള വെട്ടിപ്പ് തുറന്നുകാട്ടുന്നത് നഗരസഭാ ഓഡിറ്റ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ഓഡിറ്റ് വകുപ്പിന്‍റെ കോട്ടയം ജില്ലാ കാര്യാലയം നടത്തിയ 2020-21 ലെ ധനകാര്യപത്രികയുടെ പരിശോധനയുടെ തുടര്‍ച്ചയായി കഴിഞ്ഞ മാര്‍ച്ച് 14ന് നല്‍കിയ റിപ്പോര്‍ട്ടിലാണ് വന്‍ക്രമക്കേടുകള്‍ ഒന്നൊന്നായി ചൂണ്ടികാട്ടുന്നത്. പരിശോധനാ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈരളി വാര്‍ത്തയ്ക്ക് ലഭിച്ചു.
റിപ്പോര്‍ട്ട് കാലാവധിയില്‍ ഏറ്റവും കൂടുതല്‍ വെട്ടിപ്പ് നടന്നത് നികുതിയിനങ്ങളിലാണ്. കെട്ടിടങ്ങളുടെ ഉള്‍പ്പെടെ നികുതി കണക്കാക്കിയതിലും നികുതി പിരിക്കുന്നതിലും ഉള്‍പ്പെടെ വന്‍വീഴ്ചകളാണ് സീനിയര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഷൈജു എസിന്‍റെ നേതൃത്വത്തില്‍ 2022 ജനുവരി 4 മുതല്‍ 19 വരെ നടന്ന പരിശോധനയില്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ട് കാലയളവില്‍ നഗരസഭാ അധ്യക്ഷപദവിയില്‍ ബിജു കൂമ്പിക്കന്‍, ലൌലി ജോര്‍ജ് എന്നിവരും കവിത എസ് കുമാര്‍ സെക്രട്ടറിയും ആയിരുന്നു.
2021 മാര്‍ച്ച് 31ന് തൊഴില്‍നികുതി കുടിശിഖയായി ലഭിക്കാനുള്ളത് 6.2 ലക്ഷം രൂപയാണെന്ന് വാര്‍ഷിക ധനകാര്യ പത്രികയില്‍ കാണിച്ചിട്ടുണ്ടെങ്കിലും ഇത് പിരിച്ചെടുക്കാനുള്ള നടപടികളൊന്നും നഗരസഭ സ്വീകരിച്ചിട്ടില്ല. ഭീമമായ തുക ലഭിക്കാനിരിക്കെ ധനകാര്യപത്രികയില്‍ നെഗറ്റീവ് സംഖ്യയായി തെറ്റായ വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജീവനക്കാരുടെ തൊഴില്‍നികുതി, സ്ഥാപനതൊഴില്‍നികുതി ഇനങ്ങളില്‍ രജിസ്റ്ററില്‍ ഡിസിബി തയ്യാറാക്കിയിട്ടില്ല. നികുതി ഒടുക്കുന്ന രസീതികള്‍ രജിസ്റ്ററില്‍ പോസ്റ്റ് ചെയ്തിട്ടില്ല. ജീവനക്കാരുടെ ലിസ്റ്റ് ആവശ്യപ്പെടുകയോ നികുതി ഡിമാന്‍റ് ചെയ്യുകയോ ചെയ്തിട്ടില്ല. നഗരസഭ ഓഫീസില്‍ നേരിട്ട് നികുതി അടക്കുന്നവരുടെ വിവരങ്ങള്‍ മാത്രമാണ് ഫയലിലുള്ളത്. ഇത്തരത്തിലുള്ള നിലപാട് മൂലം നിരവധി സ്ഥാപനങ്ങളാണ് നികുതി ഒടുക്കാതെ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.
ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഏറ്റുമാനൂര്‍ നഗരസഭയും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തും സബ് രജിസ്ട്രാര്‍ ഓഫീസും സപ്ലൈകോയും റബ്ബര്‍ ബോര്‍ഡും ഉള്‍പ്പെടുന്നുവെന്നാണ് ഏറെ വിചിത്രം. നഗരസഭാ ജീവനക്കാരും എല്‍എസ്ജിഡി ജീവനക്കാരുമൊക്കെ ജോലി ചെയ്യുന്നത് തൊഴില്‍ നികുതി അടയ്ക്കാതെ. നഗരസഭാ പരിധിയിലെ ആശുപത്രികള്‍ ഉള്‍പ്പെടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് ഈ കൂട്ടത്തില്‍. കാരിത്താസ് ആശുപത്രി, ചൈതന്യാ ഹോസ്പിറ്റല്‍, ഇന്‍ഡസ് മോട്ടേഴ്സ്, പോപ്പുലര്‍, എല്‍ബിഎസ് സബ് സെന്‍റര്‍, ജിയോജിത്, മാതാ, ഗ്യാലക്സ് റബ്ബേഴ്സ്, മെഡിസിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇങ്ങനെ പേകുന്നു സ്ഥാപനങ്ങളുടെ ലിസ്റ്റ്. റേഷന്‍കടകളും കള്ളുഷാപ്പുകളും പ്രവര്‍ത്തിക്കുന്നതും നികുതി അടയ്ക്കാതെയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
READ ALSO: 'പരേതന്മാര്‍ക്കും ലഭിക്കും' ഏറ്റുമാനൂര്‍ നഗരസഭയില്‍നിന്ന് ക്ഷേമപെന്‍ഷനുകള്‍
നഗരസഭാ പരിധിയിലെ ബാങ്കുകള്‍ ഉള്‍പ്പെടെ 39 ധനകാര്യസ്ഥാപനങ്ങളില്‍നിന്നുപോലും തൊഴില്‍ നികുതി പിരിച്ചിട്ടില്ല. ഈയിനത്തില്‍ മാത്രം ഒരു ലക്ഷം രൂപയോളം റിപ്പോര്‍ട്ട് വര്‍ഷത്തില്‍ നഗരസഭയ്ക്ക് ലഭിക്കാനുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക്, കെഎസ്എഫ്ഇ, കെപിബി നിധി ലിമിറ്റഡ്, കൊശമറ്റം, കേരള ഗ്രാമീണ്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, മുത്തൂറ്റ്, ഇസാഫ് ബാങ്ക്, സ്പന്ദനസ്പൂര്‍ത്തി, ജെന്‍റില്‍മാന്‍ ചിട്ടി, യൂണിയന്‍ ബാങ്ക്, മണപ്പുറം, എസ്ബിഐ, ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, കോസ്മോസ്, അടിച്ചിറ ചിറ്റ്സ്, കെഎല്‍എം ആക്ടീവ, ചിറയില്‍ ഫിനാന്‍സ്, എച്ച്ഡിഎഫ്സി, കാര്‍ഷിക വികസന ബാങ്ക്, ബ്ലോക്ക് അര്‍ബന്‍ ബാങ്ക്, താഴയില്‍ ഗോള്‍ഡ്, സെന്‍ട്രല്‍ ഫിന്‍വെസ്റ്റ്, ന്യൂ മലബാര്‍, കേരള ഫിനാന്‍സ്, ഐസിഎല്‍, എബിസി നിധി ഫിനാന്‍സ്, പുല്ലുകാലായില്‍, ഇന്ത്യന്‍ ബാങ്ക്, ആക്സിസ് ബാങ്ക്, ജില്ലാ സര്‍വ്വീസ് സഹകരണ ബാങ്ക് ഇങ്ങനെ നീളുന്നു ധനകാര്യസ്ഥാപനങ്ങളുടെ ലിസ്റ്റ്.
തുടരും .... (അടുത്തത് കെട്ടിടനികുതിയിലെ കാണാപുറങ്ങള്‍)