19 October, 2022 10:57:41 PM
'നികുതികൊള്ള': 1728 രൂപക്ക് പകരം അര ലക്ഷം പിടിച്ചുവാങ്ങി ഏറ്റുമാനൂർ നഗരസഭ: വിവാദമായപ്പോൾ തിരിച്ചു നൽകി
ഏറ്റുമാനൂര്‍: കൃത്യമായി കെട്ടിടനികുതി അടച്ചുവന്നിരുന്ന വ്യവസായിയെകൊണ്ട് ഒറ്റയടിക്ക് അര ലക്ഷം രൂപയിലധികം നികുതിയടപ്പിച്ച് ഏറ്റുമാനൂര്‍ നഗരസഭ. ഏറ്റുമാനൂര്‍ 101 കവല ഭാഗത്ത് പുരയിടത്തില്‍ റ്റിറ്റോ തോമസിനോടാണ് വ്യാപാരലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ഉദ്യോഗസ്ഥര്‍ 52607 രൂപ 'പിടിച്ചുവാങ്ങി'യത്. എല്ലാ വര്‍ഷവും നികുതി കൃത്യമായി അടച്ചുവന്നിരുന്നയാളാണ് റ്റിറ്റോ. എന്നാല്‍ കഴിഞ്ഞ തവണ വ്യാപാരലൈസന്‍സ് പുതുക്കാന്‍ ചെന്നപ്പോള്‍ ഒമ്പത് വര്‍ഷത്തെ നികുതി കുടിശിഖ ഉണ്ടെന്നും അതടയ്ക്കാതെ ലൈസന്‍സ് പുതുക്കാനാവില്ലെന്നും പറഞ്ഞ് 52607 രൂപ അടപ്പിക്കുകയായിരുന്നു.
പണമടച്ച് ലൈസന്‍സ് കരസ്ഥമാക്കിയ റ്റിറ്റോ പിന്നീട് നിയമയുദ്ധം പ്രഖ്യാപിച്ചു. പരാതികള്‍ക്കും വിവരാവകാശ നിയമപ്രകാരം നല്‍കിയ കത്തുകള്‍ക്കുമൊടുവില്‍ നഗരസഭയ്ക്ക് തങ്ങളുടെ തെറ്റ് സമ്മതിക്കേണ്ടിവന്നു. അധികമായി വാങ്ങിയ 40133 രൂപയുടെ ഒക്ടോബര്‍ 13-ാം തീയതിയിലെ ചെക്ക് റ്റിറ്റോയ്ക്ക് നഗരസഭ കൈമാറി. കെട്ടിടത്തിന്‍റെ പ്ലിന്ത് ഏരിയ കണക്കാക്കിയാണ് സഞ്ചയയ സോഫ്റ്റ്വെയറില്‍ നികുതി നിശ്ചയിക്കപ്പെടുന്നതെന്നും 32 ചതുരശ്രമീറ്ററിന് പകരം 302.5 ച.മീ ആയി രേഖപ്പെടുത്തിയതിനാല്‍ 18,150 രൂപ അടിസ്ഥാനനികുതിയായി രേഖപ്പെടുത്തിയതാണെന്നുമായിരുന്നു നഗരസഭയുടെ വാദം.
പിന്നീട് ഇത് 32 ച.മീ ആയി തിരുത്തിയതിനെതുടര്‍ന്ന് 2015-16 രണ്ടാം അര്‍ദ്ധവര്‍ഷകാലയളവ് മുതല്‍ നിലവില്‍ അടച്ചുവന്നിരുന്ന 864 രൂപ എന്നത് 100 ശതമാനം വര്‍ദ്ധനവില്‍ 1728 രൂപയായി മാറിയിട്ടുണ്ടെന്നുമാണ് റ്റിറ്റോയുടെ കത്തുകള്‍ക്ക് നഗരസഭാ സെക്രട്ടറി മറുപടി നല്‍കിയത്. ഇപ്രകാരം കണക്കാക്കിതനുസരിച്ച് 40133 രൂപ കെട്ടിടനികുതി അക്കൌണ്ടില്‍ അഡ്വാന്‍സായി ലഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞ മെയ് മാസത്തില്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ തുകയാണ് ഏറെ നാള്‍ നഗരസഭയില്‍ കയറിയിറങ്ങിയശേഷം കഴിഞ്ഞ ദിവസം റ്റിറ്റോയ്ക്ക് ലഭിച്ചത്.
ഇപ്രകാരം തന്നെയാണ് നഗരസഭയിലെ ഭൂരിഭാഗം ആളുകളുടെയും നികുതിപരിഷ്കരണം നടന്നിട്ടുള്ളത്. കെട്ടിടമുടമ സ്വയം നികുതി നിര്‍ണ്ണയിക്കുന്നതിനുള്ള ഫോറം വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാ ഭവനങ്ങളിലും എത്തിച്ചിരുന്നതാണ്. ഫോറം പൂരിപ്പിച്ച് കൊടുത്തെങ്കിലും പിന്നീട് എന്തായി എന്ന് ആര്‍ക്കുമറിയില്ല. നഗരസഭയില്‍ ചോദിച്ചാല്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ് ചെയ്യുക. ഇപ്പോള്‍ നഗരസഭാ കമ്പ്യൂട്ടറിലെ തുക കാണുന്നവര്‍ നികുതി അടയ്ക്കാന്‍ കിടപ്പാടം വില്‍ക്കേണ്ടിവരുമോ എന്നാണ് ചോദിക്കുന്നത്.
അതേസമയം നഗരസഭാ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങളില്‍ നിന്നും നികുതി കൃത്യമായി പിരിക്കാന്‍ ഉദ്യോഗസ്ഥര്‍ മിനക്കെടുന്നില്ലെന്ന ആരോപണവും ഉയരുന്നു. പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിലും നിലവിലെ കെട്ടിടങ്ങളില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലുമൊക്കെ നികുതിവെട്ടിപ്പ് നടക്കുന്നതായാണ് ആരോപണം. ഇത്തരം സംശയങ്ങളുമായി നികുതി പിരിക്കുന്നതിന്‍റെ മാനദണ്ഡം അറിയുന്നതിനും മറ്റുമായി വിവരാവകാശ അപേക്ഷ നല്‍കിയ വ്യക്തിക്ക് എങ്ങും തൊടാതെയുള്ള മറുപടിയാണ് മാസങ്ങള്‍ക്കുമുമ്പ് നഗരസഭയില്‍നിന്നും ലഭിച്ചത്.