09 January, 2026 07:35:10 PM


സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം: പ്രവർത്തനം കൂടുതൽ സജീവമാക്കും



കോട്ടയം: നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. പൊതുജനങ്ങളെ  സന്ദർശിച്ച്  സംസ്ഥാനത്തിന്റെ വികസനത്തിനായി അവരിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന പരിപാടിയുടെ ജില്ലയിലെ ഇതുവരെയുള്ള പുരോഗതി യോഗം വിലയിരുത്തി.

സർക്കാർ നിർദേശപ്രകാരം ഭവന സന്ദർശന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നു എന്ന് ഉറപ്പാക്കാൻ നിയമസഭാ മണ്ഡലങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയുള്ളവർ നടപടി സ്വീകരിക്കണമെന്ന് കളക്ടർ നിർദേശിച്ചു.

എൻ.എച്ച്.എം ഹാളിൽ നടന്ന യോഗത്തിൽ പദ്ധതിയുടെ സംസ്ഥാനതല  അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ ടി.പി. സുധാകരൻ, ജില്ലാതല സമിതി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, ജില്ലാ, നിയമസഭാ മണ്ധലം തല സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ  ഭാഗമായി പരിശീലനം നേടിയ കർമ്മ സമിതി അംഗങ്ങൾ വീടുകൾ, ഫ്‌ളാറ്റുകൾ, തൊഴിൽശാലകൾ, കൃഷിയിടങ്ങൾ, ഉന്നതികൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പൊതുജനങ്ങളുമായി സംവദിക്കും. വികസന ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളും സ്വീകരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911