12 January, 2026 07:43:54 PM


മോനിപ്പള്ളിയിലെ വാഹനാപകടം; മരിച്ചത് നീണ്ടൂർ സ്വദേശികളായ ദമ്പതികളും സുഹൃത്തിൻ്റെ മകനും


കോട്ടയം : കുറവിലങ്ങാട് മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത് നീണ്ടൂർ സ്വദേശികളായ ദമ്പതികളും, ഇവരുടെ സുഹൃത്തിന്റെ 11 വയസ്സുള്ള മകനും. നീണ്ടൂർ ഓണംതുരുത്ത് കുറുപ്പംപറമ്പിൽ ചിത്രകാരനായ കെ. കെ സുരേഷ് കുമാർ, ഭാര്യ അമ്പിളി ഇവരുടെ സുഹൃത്തിൻ്റെ മകൻ അർജിത്ത് എന്നിവരാണ് മരിച്ചത്.

അപകട സമയത്ത് 6 പേരാണ്  കാറിൽ ഉണ്ടായിരുന്നത്, ഇതിൽ 3 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജിത്തിൻ്റെ മാതാപിതാക്കളായ കൊല്ലം സ്വദേശി പ്ലാത്താനം സൂരജ്, ഭാര്യ രാഖി, മരിച്ച സുരേഷിൻ്റെ മകൻ ഗോകുൽ എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. 

ആലുവ തിരുവൈരാണിക്കുളം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങി വരുന്നതിനിടെ കോട്ടയം എം.സി റോഡിൽ കുറവിലങ്ങാടിന് സമീപം മോനിപ്പിള്ളിയിൽ ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്,   കെഎസ്ആർടിസി ബസ്സും കുടുംബം സഞ്ചരിച്ച മാരുതി കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

മോനിപ്പള്ളി ഉദയഗിരി ലിറ്റിൽ ഫ്ളവർ സ്ക്കൂളിന് സമീപത്ത് വെച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട കാർ  കൂത്താട്ടുകുളത്തേക്ക് പോയ കെ എസ് ആർ ടി സി വേണാട് ബസിൽ ഇടിക്കുകയായിരുന്നു. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K