16 January, 2026 08:16:12 PM


കോട്ടയത്ത് എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി 6 യുവാക്കൾ പിടിയിൽ



കോട്ടയം: നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ ലോഡ്ജിൽ നിന്നും എം.ഡി.എം.എ അടക്കമുള്ള മാരക രാസ ലഹരിയുമായി പിടിയിലായ ആറംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കണ്ണൂരിലെ കൊലക്കേസ് പ്രതിയും മുൻ കാപ്പാ കേസ് പ്രതിയുമായ ക്രിമിനലിന്റെ ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായ യുവാക്കളെല്ലാം. ഇയാളും ചേർത്തലയിൽ നിന്നു കാപ്പാ ചുമത്തിയ മറ്റൊരു പ്രതിയും ചേർന്നാണ് ഈ യുവാക്കളെ ഉപയോഗിച്ച് കോട്ടയം ജില്ലയിൽ വ്യാപകമായി മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

 പ്രതികളിൽ നിന്നും 14 ഗ്രാം എം.ഡി.എം.എയും, 17 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ വേളൂർ കാരാപ്പുഴ കൊച്ചുപറമ്പിൽ വീട്ടിൽ ഷാഹുൽഹമീദ് മകൻ ബാദുഷ ഷാഹുൽ (28), വേളൂർ കാരാപ്പുഴ ശാസ്താംകാവ് അമ്പലം ഭാഗത്ത് മാടയ്ക്കൽ വീട്ടിൽ ഷിബു എം ടി മകൻ അഖിൽ ഷിബു (26), വേളൂർ തിരുവാതുക്കൽ ഭാഗത്ത് അബീന മൻസിൽ ഷാജി കെ മകൻ ഇർഫാൻ മുഹമ്മദ് ഷാജഹാൻ (22), കൈപ്പുഴ പിള്ളകവല ഭാഗത്ത് ഇല്ലിച്ചിറയിൽ വീട്ടിൽ ഷാജി മകൻ ഷൈൻ ഷാജി ( 26), വേളൂർ 16-ൽ ചിറ ഭാഗത്ത് കരിക്കാട്ടിൽ വീട്ടിൽ സഞ്ജു കെ കുര്യൻ മകൻ ഏബെൽ ജോൺ (23), ചെങ്ങളം ഇല്ലിക്കൽ അറുപറ ഭാഗത്ത് വെള്ളാപഴത്തിൽ വീട്ടിൽ ശിഹാബ് മകൻ സലാലുദ്ദീൻ വി എസ് (23) എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തും ചേർന്നുള്ള സംഘം അറസ്റ്റ് ചെയ്തത്.

കോട്ടയം, ചെല്ലിയൊഴുക്കം ഭാഗത്ത്, തെക്കനാട്ട് റസ്റ്റോറന്റ് & ലോഡ്ജിൽ നിന്നുമാണ് പ്രതികളെ മയക്കുമരുന്നുകളുമായി പിടികൂടിയത്. വിൽപ്പനയ്ക്കും സ്വയം ഉപയോഗത്തിനുമായും മയക്കു മരുന്നുകൾ ഉപയോഗിക്കുന്നതിനുള്ള ഹുക്ക പോലെയുള്ള 3 ഗ്ലാസ് ഉപകരണങ്ങളും മയക്കുമരുന്നു വിറ്റതിൽ വച്ച് ലഭിച്ച 1700 രൂപയും, മയക്കുമരുന്നു വില്പന നടത്തുന്നതിനായുള്ള പ്ലാസ്റ്റിക് സിപ് ലോക്ക് കവറുകളും പ്രതികളിൽ നിന്നും കണ്ടെടുത്തു.

കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ഗ്രീഷ്മ ചന്ദ്രൻ, എ.എസ്.ഐ അനൂപ്, എ.എസ്.ഐ ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിക്കുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സൈഫുദ്ദീൻ, സിവിൽ പൊലീസ് ഓഫിസർ വിവേക് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ഒന്നാം പ്രതി ബാദുഷ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ടയാളും, കോട്ടയം വെസ്റ്റ് കോട്ടയം ഈസ്റ്റ് ഗാന്ധിനഗർ എന്നീ പോലീസ് സ്റ്റേഷനുകളിലും കോട്ടയം എക്‌സൈസിലും 16 ഓളം കേസുകളിൽ പ്രതിയുമാണ്.ഇതിലെ 2-ാം പ്രതി അഖിൽ ഷിബു രണ്ടു കേസുകളിലും,ഇതിലെ 4-ാം പ്രതി ഷൈൻ ഷാജി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ടയാളാകുന്നു. ഇയാൾക്കെതിരെ ഏഴോളം കേസുകൾ നിലവിലുണ്ട്.

5-ാം പ്രതി ഏബൽ ജോൺ അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസും, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാർഡും കർശനമായ പരിശോധനകളാണ് നടത്തിവരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K