30 January, 2026 06:38:43 PM


ഹരിതകേരളം മിഷൻ ജനകീയ വൃക്ഷവത്കരണ പദ്ധതിക്ക് തുടക്കം



കോട്ടയം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 'ഗാന്ധിസ്മൃതി: ഒരു തൈ നടാം, അഹിംസയുടെ തണലൊരുക്കാം' എന്ന  സ്‌കൂൾ കുട്ടികൾക്കായുള്ള ജനകീയ വൃക്ഷവത്ക്കരണ പദ്ധതിക്ക് ജില്ലയിൽ തുടക്കം. മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാകളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു.

 നഗരസഭാ ചെയർപേഴ്‌സൺ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. എം.ജി. സർവകലാശാലാ സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ ഗാന്ധി സ്മൃതി അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ അഡ്വ. ജോഫി മരിയ ജോൺ 'ഹരിത പ്രതിജ്ഞ' ചൊല്ലിക്കൊടുത്തു. ഹരിത കേരളം ജില്ലാ കോ-ഓർഡിനേറ്റർ എൻ.എസ്. ഷൈൻ പദ്ധതി വിശദീകരിച്ചു.

അഹിംസയും പ്രകൃതി സംരക്ഷണവും കോർത്തിണക്കിക്കൊണ്ട് ജില്ലയിലെ പ്രകൃതിയെ ഹരിതാഭമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹരിതകേരളം മിഷനും സാമൂഹിക വനവത്ക്കരണ വകുപ്പും ചേർന്ന് പനയ്ക്കച്ചിറ, പെരുന്ന നഴ്‌സറികളിലായി 1.5 ലക്ഷം തൈകളാണ് വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്.
തൈകൾ സ്‌കൂൾ കുട്ടികൾ വഴി വീടുകളിൽ എത്തിച്ച് നടുകയും സംരക്ഷിക്കുകയും ചെയ്യും.  

വിഷരഹിത പച്ചക്കറി കൃഷിയെ പ്രോത്സാഹിക്കുവാനായി സ്‌കൂളിൽ ആരംഭിച്ച അടുക്കളത്തോട്ടം കളക്ടർ ഉദ്ഘാടനം ചെയ്തു.

ഹരിത കേരളം മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ പി.ആർ. അനുപമ, കെ.എസ്.പ്രണവ്, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാധ്യാപകൻ വി.എം. ബിജു, അധ്യാപകൻ കെ.കെ. റെജി എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302