13 January, 2026 03:18:59 PM
കോട്ടയത്ത് ഫാക്ടറിയിലെ യന്ത്രത്തിൽ കൈ കുടുങ്ങി അസം സ്വദേശിയ്ക്ക് ദാരുണാന്ത്യം

കോട്ടയം: പൂവൻതുരുത്ത് വ്യവസായ മേഖലയിൽ യന്ത്രത്തിനിടയിൽ കൈകുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. അസം സ്വദേശി ബാബുൾ ദാസി(28)നാണ് മരണം സംഭവിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. പൂവൻതുരുത്ത് വ്യവസായ മേഖലയിലെ എസ്.പി. ഇൻഡസ്ട്രീസിലെ ജീവനക്കാരനാണ് ബാബുൾ ദാസ്. ഇന്ന് പുലർച്ചെ ഇവിടെ ജോലി ചെയ്യുന്നതിനിടെ ഇദ്ദേഹത്തിന്റെ കൈ യന്ത്രത്തിന് ഇടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇദ്ദേഹം വേദയോടെ നിലവിളിച്ചത് കേട്ട് ഒപ്പമുണ്ടായിരുന്ന ജീവനക്കാർ വിവരം കോട്ടയം അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘത്തെ അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.





