19 October, 2022 07:41:22 PM
ഏറ്റുമാനൂരില്‍ ആംബുലന്‍സും രണ്ട് കാറുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ആംബുലന്‍സും രണ്ട് കാറുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷകള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.സി.റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിനു സമീപം സൌത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം.
ആംബുലന്‍സിന്‍റെ മുന്നിലും പിന്നിലുമായാണ് കാറുകള്‍ ഇടിച്ചത്. മുന്നിലിടിച്ച കാറില്‍ സഞ്ചരിച്ചിരുന്നവരാണ് പരിക്കേറ്റ നാലു പേരും. കാര്‍ ഡ്രൈവര്‍ കോതമംഗലം പൂയംകുട്ടി സ്വദേശി അനീഷ് (35), യാത്രക്കാരായ പൂയംകുട്ടി അമ്പനാട്ട് സന്തോഷ് (47), സന്തോഷിന്‍റെ ഭാര്യ ബിന്ദു (44), പൂയംകുട്ടി കാക്കനാട്ട് മനോജ് (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ബിന്ദുവിന്‍റെ പരിക്ക് ഗുരുതരമാണ്. തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നും പൂയംകുട്ടിയിലേക്ക് പോകും വഴിയായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നിന്നും പാമ്പുകടിയേറ്റ ഇതരസംസ്ഥാനതൊഴിലാളിയേയുംകൊണ്ട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന 108 ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. കോട്ടയം ഭാഗത്തുനിന്നും വന്ന മാരുതി കാര്‍ ആംബുലന്‍സില്‍ വന്നിടിക്കുകയായിരുന്നു. കാര്‍ എതിരെ വരുന്നത് കണ്ട് നിര്‍ത്തിയ ആംബുലന്‍സിന്‍റെ പിന്നില്‍ മറ്റൊരു കാറും വന്നിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിനും കാറുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. തിരുവനന്തപുരത്തുനിന്ന് വന്ന കാറിന്‍റെ മുന്‍വശം നിശേഷം തകര്‍ന്നു. അപകടം നടന്ന ഉടന്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മറ്റൊരു 108 ആംബുലന്‍സില്‍ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.