19 October, 2022 02:37:48 PM
നഗരസഭക്കെതിരെ ക്ഷേത്ര ഉപദേശക സമിതി; പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍
ഏറ്റുമാനൂര്‍: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കത്തിനു ലഭിക്കുന്ന തുക ഏറ്റുമാനൂര്‍ നഗരസഭ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിമര്‍ശനത്തിനത്തെ അനുകൂലിച്ച് ഏറ്റുമാനൂര്‍ ക്ഷേത്രോപദേശകസമിതി രംഗത്തെത്തിയതില്‍ ഒരു വിഭാഗം നഗരസഭാ കൌണ്‍സിലര്‍മാര്‍ക്ക് പ്രതിഷേധം. നഗരസഭയുടെ വീഴ്ച ചൂണ്ടിക്കാട്ടി മലയാള മനോരമ ദിനപത്രത്തില്‍ വന്ന വാര്‍ത്ത സഹിതം ക്ഷേത്രോപദേശകസമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് കൌണ്‍സിലര്‍മാരെ ചൊടിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി കൌണ്‍സിലര്‍മാര്‍ ഇന്ന് യോഗം ചേര്‍ന്നു.
ഇടത്താവളത്തിന്‍റെ വികസനത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും 2020ല്‍ ഗ്രാന്‍റായി അനുവദിച്ച 10 ലക്ഷം രൂപയില്‍ 2,24,227 രൂപ മാത്രമാണ് നഗരസഭ ചെലവഴിച്ചത്. അതും ക്ഷേത്രപരിസരത്തെ വാര്‍ഡുകളിലെ തെരുവുവിളക്കുകള്‍ നന്നാക്കുന്നതിന്. ബാക്കി 7,75,773 രൂപ തനതുഫണ്ടില്‍ സൂക്ഷിച്ചു. 2021-22ലും ഇതേ തുക അനുവദിച്ചു. വാര്‍ഷിക കണക്കുകള്‍ ശബരിമല ഗ്രാന്‍റ് ഇനത്തില്‍ 24,29,736 രൂപ ബാക്കിയുള്ളതായാണ് കാണിക്കുന്നത്. ഗ്രാന്‍റായി അനുവദിക്കുന്ന തുക അതേ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നുണ്ട്.
കൂട്ടായ ചർച്ചയിലൂടെ അടിയന്തിര പ്രാധാന്യമായ വിഷയങ്ങൾ കണ്ടെത്തി ഫണ്ട് വിനിയോഗിക്കണമെന്നാവശ്യപ്പെടുകയും വകമാറ്റി ചില വഴിച്ചതിനെതിരെ ഉപദേശക സമിതി നിരവധി തവണ പരാതി നൽകുകയും ചെയ്തിട്ടും പ്രയോജനമുണ്ടായില്ല എന്ന് ശ്രീകുമാര്‍ കുറ്റപ്പെടുത്തുന്നു. പൊതു വേദിയില്‍ കസേര ലഭിക്കാന്‍ മാത്രം മിനക്കെടുന്ന ജനപ്രതിനിധികള്‍ക്ക് ഭക്തർക്കും നാടിനും ഗുണകരമായ വിധം പ്രവർത്തിക്കാൻ കഴിയാത്തത് കഴിവുകേടു മാത്രമല്ല, ഭക്തരോടും പൊതു സമൂഹത്തോടും പ്രതിബദ്ധത ഇല്ലാത്തതു കൊണ്ടുമാണെന്നും ശ്രീകുമാര്‍ തന്‍റെ കുറിപ്പിലൂടെ കുറ്റപ്പെടുത്തുന്നു.
ക്ഷേത്രം സ്ഥിതിചെയ്യുന്നതും ക്ഷേത്രത്തിനു ചുറ്റുമുള്ളതുമായ വാര്‍ഡുകളിലെ നാല് നഗരസഭാ കൌണ്‍സിലര്‍മാറും ബിജെപി പ്രതിനിധികളാണ്. അതുകൊണ്ടുതന്നെ ശ്രീകുമാറിന്‍റെ പോസ്റ്റ് കൃത്യമായി ചെന്നുകൊള്ളുന്നത് ബിജെപി കൌണ്‍സിലര്‍മാര്‍ക്കിട്ടാണ്. അതാണ് ഇന്നലെ ഇട്ട പോസ്റ്റിന് പിന്നാലെ ഇന്ന് തന്നെ ബിജെപി കൌണ്‍സിലര്‍മാര്‍ 35-ാം വാര്‍ഡ് അംഗം സുരേഷ്കുമാറിന്‍റെ വസതിയില്‍ യോഗം ചേര്‍ന്നത്.
ഉപദേശകസമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്...
"ക്ഷേത്രപരിസരത്തുള്ള മുനിസിപ്പൽ , കൗൺസിലർമാർ , ഉറങ്ങുകയായിരുന്നു എന്നതിന്‍റെ നേർചിത്രമാണ് നഗരസഭയുടെ ഓഡിറ്റ് റിപ്പോർട്ട്
ഉപദേശക സമിതി നിരവധി തവണ ഫണ്ട് വിനിയോഗിക്കുന്നതിൽ കൂട്ടായ ചർച്ചയിലൂടെ അടിയന്തിര പ്രാധാന്യമായ വിഷയങ്ങൾ കണ്ടെത്തി മുഴുവൻ തുകയും വിനിയോഗിക്കണമെന്നാവശ്യപ്പെടുകയും വകമാറ്റി ചില വഴിച്ചതിനെതിരെ പരാതി നൽകുകയും ചെയ്തിട്ടും ഉചിതമായ രീതിയിൽ ഫണ്ട് ചില വഴിച്ച് ഭക്തർക്കും നാടിനും ഗുണകരമായ വിധം പ്രവർത്തിക്കാൻ കഴിയാത്തത് കഴിവുകേടു മാത്രമല്ല ഭക്തരോടും പൊതു സമൂഹത്തോടും പ്രതിബദ്ധത ഇല്ലാത്തതു കൊണ്ടുമാണ് പൊതു സദസ്സിൽ പ്രത്യക്ഷപ്പെടുക എന്നതു മാത്രമല്ല ജനസേവനം ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയാത്തവരെ സമൂഹം തിരിച്ചറിയുന്നുണ്ട്. അത്തരക്കാർ പൊതുവേദിയിൽ കസേര : ലഭിക്കാത്തതിൽ അങ്ങാടിയിൽ " തോറ്റതിനോട് - അമ്മയോട് വഴക്കടിച്ചിട്ട് ഫലമില്ല. സ്വയം ഉത്തരവാദിത്വം നിറവേറ്റാൻ ഇനിയെങ്കിലും ശ്രമിക്കു ചുക്കിനും : ചുണ്ണാമ്പിനും കൊള്ളാത്തവരെ ആരും അംഗീകരിക്കില്ല. കുട്ടി നേതാക്കൻമാർ ഇത്തരക്കാർക് വേണ്ടി വിലപിച്ചിട്ടു കാര്യമില്ല ഈ കഴിവില്ലായ്മ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവരോട് കലഹിച്ചിട്ടും കാര്യമില്ല. ഈ കഴിവില്ലായ്ക്കെതിരെ . സ്വാർത്ഥ താൽപര്യത്തിനു വേണ്ടി അപവാദ പ്രചാരണങ്ങളും പോസ്റ്ററുകളും വഴി നീളെ വയ്ക്കുന്ന, ഭിക്ഷാം ദാഹികളായമോഴകൾ, ക്ക് , കഴിവുണ്ടോ?"