07 September, 2022 10:49:35 PM
കോട്ടയം പേരൂരില്‍ ആറ് പേരെ തെരുവുനായ കടിച്ചു; ആക്രമണം വീടിനുള്ളില്‍ കയറിയും
കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ തെരുവുനായ ആക്രമണം. വെച്ചൂര്‍കവലയ്ക്കു സമീപം അച്ചന്‍ റോഡ് ഭാഗത്ത് ഇന്ന് രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. ആറ് പേരെയാണ് നായ കടിച്ചത്. പരിക്കേറ്റ പേരൂര്‍ വലിയവീട്ടില്‍ ആരാധന (36), ശശിധരന്‍ (70), പീതാംബരന്‍ (65), മുതിരകാലായില്‍ അഭിജിത് (23), മുണ്ടുവേലില്‍ സോമന്‍ നായര്‍ (70), ചേറ്റുകുളത്ത് സൈജു (45) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടുകളില്‍ കയറിയും ആളുകളെ ആക്രമിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. ഇരുപത്തഞ്ചോളം പേരുടെ നേരെ നായ ചീറിയടുത്തെങ്കിലും ഓടിമാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപെട്ടു.
ആരാധനയും ഭര്‍ത്താവ് രജനീഷും രണ്ട് കുട്ടികളും ഓണത്തിന് വസ്ത്രങ്ങളും വാങ്ങി ബൈക്കില്‍ തിരികെയെത്തി വീട്ടിലേക്കു കയറുംവഴിയാണ് നായയുടെ ആക്രമണമുണ്ടായത്. നായ ചാടികയറിയതോടെ ബൈക്ക് റോഡിലേക്ക് മറിഞ്ഞു. ഒപ്പം ആരാധനയ്ക്ക് കടിയുമേറ്റിരുന്നു. ഇത് കണ്ട് നായയെ ഓടിക്കാനായി വീട്ടില്‍നിന്നും എത്തിയ പിതാവ് ശശിധരനെയും നായ കടിക്കുകയായിരുന്നു. സോമന്‍ നായര്‍, പീതാംബരന്‍, സൈജു എന്നിവരെ വീട്ടില്‍കയറിയാണ് നായ കടിച്ചത്. ടി.വി. കണ്ടുകൊണ്ടിരുന്ന സോമന്‍നായരെ കടിച്ചത് വീടിനു പിന്നിലെ വാതിലിലൂടെ ഉള്ളില്‍ കയറിയാണ്.
ഏറെ നേരത്തെ ഭയാനകമായ അന്തരീക്ഷത്തിനൊടുവില്‍ കടിയേറ്റ ഒരാളും നാട്ടുകാരും ചേര്‍ന്ന് നായയെ തല്ലികൊന്നു. അതേസമയം, ഇന്ന് വൈകിട്ട് 7.30 മണിക്കുശേഷം മാത്രം ഒമ്പത് പേരാണ് ജില്ലയിലെ വിവിധസ്ഥലങ്ങളില്‍നിന്ന് തെരുവുനായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പേരൂരില്‍ പരിക്കേറ്റവരെ കൂടാതെ മീനടം, പനമറ്റം, പാതാമ്പുഴ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.