16 August, 2022 06:40:13 PM
തെളളകത്തെ ആശുപത്രിയിൽ രോഗിയുടെ മാലയും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂർ: രോഗിയുടെ മാലയും പണവും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കീഴൂർ കുരുംപിനിക്കൽ വീട്ടിൽ രാജൻ മകൻ രാജേഷ് (31) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം പതിമൂന്നാം തീയതി തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആറാം നിലയിൽ കിടന്നിരുന്ന രോഗി ധരിച്ചിരുന്ന മാലയും, വളയും കൂടാതെ കൈയിൽ ഉണ്ടായിരുന്ന പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കോഴിക്കോട് നിന്നും പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് മലപ്പുറം, തൃശൂര്‍ , കണ്ണൂര്‍ എന്നീ ജില്ലകളിലായി നിരവധി കേസുകളാണ് നിലവിലുള്ളത്. ഏറ്റുമാനൂർ എസ്. എച്ച്.ഓ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ് കെ.കെ, എ.എസ്.ഐ സിനോയ്, സി.പി.ഓ മാരായ സജി പി.സി, സുഭാഷ് വാസു, പ്രവീൺ, സെയ്ഫുദീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.