23 June, 2022 07:36:49 PM
മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ ചങ്ങനാശേരി സ്വദേശി യുവാവ് അറസ്റ്റിൽ
കോട്ടയം: നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ് നടത്തിയാളെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. ചങ്ങനാശേരി പെരുന്ന സ്വദേശി ഡി. ദിൽജിത്തി(27)നെയാണ് പോലീസ് പിടികൂടിയത്. നഗരത്തിലെ ഒരു സ്ഥാപനത്തിൽ എത്തിയ ഇയാൾ സ്വർണാഭരണങ്ങൾ പണയം വയ്ക്കുകയായിരുന്നു. സംശയം തോന്നിയ സ്ഥാപത്തിലെ ജീവനക്കാർ വിശദമായി നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്.
തുടർന്നു കോട്ടയം ഈസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഈസ്റ്റ് എസ്ഐ എം.എച്ച്. അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ദിൽജിത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഉരച്ച് നോക്കിയാലും ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയാനാവാത്ത രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഈസ്റ്റ് പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ നാലുവർഷമായി ഇയാൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.