27 May, 2022 06:41:01 PM


മോഷണവും കവര്‍ച്ചയും: അനുസരിക്കണം പോലീസ് നല്‍കുന്ന ഈ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍



കോട്ടയം: മഴക്കാലത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 'സേഫ് കോട്ടയം' എന്ന പേരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സാമൂഹ്യ സുരക്ഷിതത്വ കാമ്പയിന്റെ ഭാഗമായി  മോഷണവും, കവര്‍ച്ചയും തടയുന്നതിനായി പൊതുജനങ്ങള്‍ക്ക് കോട്ടയം ജില്ലാ പോലീസ് നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍.

>  വീട് പൂട്ടി പുറത്ത് പോകുന്ന സമയം ആ വിവരം അയൽക്കാരെ അറിയിക്കേണ്ടതാണ്.  കൂടുതൽ ദിവസം വീട് പൂട്ടി പോകുന്ന വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും    കൂടാതെ, കേരള പോലീസിന്റെ POL-APP ലെ LOCKED HOUSE INFORMATION എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് നിരീക്ഷണം ഉറപ്പ് വരുത്താവുന്നതാണ്.

>  കൂടുതൽ ദിവസം വീട് പൂട്ടി പോകുന്ന സാഹചര്യങ്ങളിൽ പത്രം, പാൽ, തപാൽ എന്നിവ നൽകേണ്ടതില്ല എന്ന്  നിർദ്ദേശിക്കണം. കൂടാതെ ലാൻഡ് ഫോൺ താൽക്കാലികമായി ഡിസ്കണക്ട് ചെയ്യണം.

>  പകൽ സമയങ്ങളിൽ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.

>  പുറത്തെ ലൈറ്റ് പ്രകാശിപ്പിക്കുന്നതിനും അണയ്ക്കുന്നതിനും  പത്രം, പാൽ, തപാൽ ഉരുപ്പടികൾ തുടങ്ങിയവ സുരക്ഷിതമായി എടുത്തുവയ്ക്കുന്നതിനും വിശ്വസ്തരെ ഏൽപ്പിക്കുക.

>  ആഘോഷസ്ഥലങ്ങളിൽ പോകുമ്പോൾ കുടുംബത്തിലെ ഒരാളെയെങ്കിലും വീട്ടിൽ നിർത്തുവാൻ ശ്രദ്ധിക്കുക.

>  ഓരോ വീട്ടുകാരും തൊട്ടടുത്ത വീടുകളിലെ ഫോൺ നമ്പർ സൂക്ഷിക്കേണ്ടതും കുഞ്ഞുങ്ങളുടെ കരച്ചില്‍, പൈപ്പിലെ വെള്ളം തുറന്ന് വിടുക തുടങ്ങിയ അസ്വാഭാവിക ശബ്ദങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ ഉടന്‍ തന്നെ അയല്‍വാസികളെ അറിയിക്കേണ്ടതും രാത്രിയിൽ ആണെങ്കിൽ ചുറ്റുപാടുമുള്ള വീടുകളിൽ ലൈറ്റ് ഇടുന്നതിനും ശ്രദ്ധിക്കുക.

>  രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് വീടിന്റെ കതകുകളും, ജനല്‍പാളികളും അടച്ച് കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക

>  ജനമൈത്രി ബീറ്റ് ഓഫീസറിന്റെ ഫോൺ നമ്പർ, പോലീസ് സ്റ്റേഷൻ നമ്പർ, പോലീസിന്റെ All India Emergency നമ്പരായ 112 അടക്കമുള്ള ഫോൺ നമ്പരുകൾ സേവ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. 

>  വീട്ടില്‍ മറ്റാരും ഇല്ലാത്ത  സമയത്ത്  എത്തുന്ന ഭിക്ഷക്കാര്‍, കച്ചവടക്കാര്‍, ആക്രി പെറുക്കുകാര്‍, നാടോടികള്‍ എന്നിവരുമായി വീടിന്റെ വാതില്‍ തുറന്ന് വെളിയിലിറങ്ങി ആശയവിനിമയം  നടത്താതിരിക്കുക.  സംശയകരമായ ഏത് കാര്യവും ഉടൻ പോലീസിനെ അറിയിക്കാൻ ശ്രമിക്കുക. 

>  പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ മുൻവശത്തെ ജനലുകൾ തുറന്നാൽ മുൻഭാഗം മുഴുവൻ കാണത്തക്ക വിധത്തിലും മുൻവശം വാതിൽ തുറക്കാതെ ജനലിൽക്കൂടി സന്ദർശകരോട് സംസാരിക്കുന്ന രീതിയിൽ നിർമ്മിക്കുന്നതും സുരക്ഷിതമാണ്.

>  വീടിന്റെ മുന്‍വാതിലിലും, അടുക്കളവാതിലിലും സ്റ്റെയര്‍കേസ് റൂമിന്റെ വാതിലിലും ഇരുമ്പ് പട്ടകള്‍ പിടിപ്പിച്ച് സുരക്ഷിതമാക്കേണ്ടതാണ്.

>  പകല്‍ സമയങ്ങളിലും വീടിന്റെ മുന്‍വാതിലും, അടുക്കളവാതിലും  തുറന്നിടാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

>  വീട് കുത്തിത്തുറക്കുന്നതിനു് ഉപയോഗിക്കാവുന്ന കമ്പിപ്പാര, പിക്കാസ് മുതലായ ആയുധങ്ങള്‍  യാതൊരു കാരണവശാലും വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക. 

>  ‌ബസ്സ് അടക്കമുള്ള പൊതുഗതാഗത മാര്‍ഗ്ഗങ്ങളില്‍  യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും തരത്തില്‍ സംശയകരമായ സംഭവങ്ങളോ, വ്യക്തികളെയോ ശ്രദ്ധയില്‍പ്പെട്ടാല്‍   ഉടൻ വിവരം പോലീസിൽ അറിയിക്കേണ്ടതാണ്.  യാത്രക്കിടയില്‍ അപരിചിതരില്‍ നിന്നും ലഘുപാനീയങ്ങളോ, ആഹാരപദാര്‍ത്ഥങ്ങളോ വാങ്ങി കഴിക്കാതിരിക്കുക.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K