22 April, 2022 09:24:47 AM
പേരൂർ ചാലക്കൽ ക്ഷേത്രത്തിൽ മോഷണശ്രമം: കള്ളനെ ഓടിച്ചിട്ട് പിടിച്ച് പൂജാരിയും ജീവനക്കാരനും
ഏറ്റുമാനൂർ: രാവിലെ ക്ഷേത്രത്തിൽ നട തുറക്കാൻ എത്തിയ പൂജാരി കാണുന്നത് കാണിക്കവഞ്ചി കമിഴ്ത്തിയിട്ട് പണം എടുക്കുന്ന മോഷ്ടാവിനെ. പൂജാരിയെ കണ്ട ഉടനെ ക്ഷേത്രത്തിനു വെളിയിലേക്ക് ഓടിയ കള്ളനെ ഓടിച്ചിട്ട് പിടിച്ച് ജീവനക്കാരൻ. പേരൂർ ചാലക്കൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
കട്ടപ്പന സ്വദേശിയാണെന്നും പേര് ജോസഫ് ആണെന്നുമാണ് ഇയാൾ പറഞ്ഞത്. 5.30 മണിയോടെ നട തുറക്കാനെത്തിയ പൂജാരി കാണുന്നത് ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചി കമിഴ്ത്തിയിട്ട് ഈർക്കിലികൊണ്ട് പണം തോണ്ടി എടുക്കുന്ന മോഷ്ടാവിനെയാണ്. നിലത്തു കിടന്ന് നോട്ടുകൾ തോണ്ടി എടുക്കുകയായിരുന്നു.
പുറത്തേക്കോടിയ മോഷ്ടാവിനെ പൂജാരിയും ജീവനക്കാരൻ അഭിഷേകും ചേർന്ന് ഓടിച്ചിട്ട് പിടിച്ചു കെട്ടിയിട്ടു. പിന്നീട് ഏറ്റുമാനൂർ പോലീസിന് കൈമാറി. ഏറ്റുമാനൂരിലെ ഹോട്ടലുകളിൽ ജോലിക്കാരനായി ഇയാളെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.