02 April, 2022 09:08:54 AM
'ഇവിടിരുന്ന് രണ്ടെണ്ണം അടിച്ചാല്‍ പോലീസ് പൊക്കുമോ?': ആളറിയാതെ ചോദിച്ചത് സിഐയോട്
- സുനിൽ പാലാ
പാലാ: 'ഈ ആറിന്റെ തീരത്തിരുന്ന് രണ്ടെണ്ണം അടിച്ചാല്‍ പോലീസ് പൊക്കുമോ?...' ബീയര്‍ കുപ്പിയുമായി മീനച്ചിലാറിന്റെ പാലാ വലിയപാലത്തിങ്കലുള്ള കടവിലേക്ക് ഇറങ്ങവേ തീരത്തുകണ്ട പാന്റും ബനിയനും ധരിച്ച ആളോട് യുവാക്കള്‍ ചോദിച്ചു. പിന്നീടവര്‍ താഴേക്കിറങ്ങിപ്പോയി ബീയര്‍ കുടിക്കാന്‍ തുടങ്ങി. ഉടന്‍തന്നെ നേരത്തെ പാന്റും ബനിയനും ധരിച്ചിരുന്ന ആളും ഒപ്പമുള്ളവരും ചേര്‍ന്ന് പരസ്യമായി മദ്യപിച്ച യുവാക്കളെ പിടികൂടി.
പാലാ സി.ഐ. കെ.പി. ടോംസണാണ് വേഷം മാറി പരസ്യ മദ്യപാനികളെയും മയക്കുമരുന്ന് വില്പനക്കാരെയും പിടികൂടാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിനൊപ്പം രംഗത്തിറങ്ങിയത്. മീനച്ചിലാര്‍ തീരത്തിരുന്നു മദ്യം കഴിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി സംഭവത്തിന് അല്പം മുമ്പ് പോലീസ് പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് നോക്കി നില്‍ക്കുകയായിരുന്ന സി.ഐ. ടോംസണോടാണ് ആളറിയാതെ ഇവിടിരുന്നു രണ്ടെണ്ണം അടിച്ചാല്‍ പോലീസ് വരുമോയെന്ന് ചോദിച്ചത്.
പോലീസെത്തുമോ എന്ന് ചോദിച്ചെങ്കിലും മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ പടികളിറങ്ങിപ്പോയ യുവാക്കള്‍ പടികളിലൊന്നില്‍ ഇരുന്ന് ബീയര്‍ കുപ്പി തുറന്നതോടെ സ്‌ക്വാഡിലെ മറ്റ് അംഗങ്ങള്‍ ഇവരെ പിടികൂടിയത്. ചോദിച്ച ആളെ തിരിഞ്ഞുനോക്കിയ യുവാക്കളോട് അത് സി.ഐ. ആണെന്ന് സ്‌ക്വാഡ് അംഗങ്ങള്‍ പറഞ്ഞതോടെയാണ് യുവാക്കള്‍ തങ്ങള്‍ക്ക് പറ്റിയ അമളി മനസ്സിലാക്കിയത്. ഇതിനു മുമ്പും മഫ്തിയില്‍ സി.ഐ.യും സംഘവും മദ്യപാനികളെ പിടികൂടാന്‍ നഗരത്തില്‍ ഇറങ്ങിയിരുന്നു.