02 March, 2022 01:35:19 PM


വൃദ്ധയെ തലയ്ക്കടിച്ചു വീഴ്ത്തി: മരിച്ചെന്ന് കരുതി പോലീസിനോട് കുറ്റം ഏറ്റുപറഞ്ഞ് മകന്‍



ഏറ്റുമാനൂര്‍: സ്വന്തം അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന ഏറ്റുപറച്ചിലുമായി മധ്യവയസ്കന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. കഴിഞ്ഞ ദിവസം വൈകിട്ടാണ് പേരൂര്‍ മന്നാമല ഭാഗത്ത് താമസിക്കുന്ന ഷിബു മോന്‍ (51) ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. സംഭവം കേട്ടപിന്നാലെ ഷിബുവിനെയും കൂട്ടി വീട്ടിലെത്തിയ പോലീസിന് കാണാനായത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന വയോധികയെ. ഇവരെ ഉടനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.

പേരൂര്‍ മന്നാമല അമ്പനാട്ട് വീട്ടില്‍ വാടകക്ക് താമസിക്കുന്ന മാളികപുരയ്ക്കല്‍ സുനന്ദ(74)യെയാണ് മകന്‍ ഷിബുമോന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചുറ്റിക കൊണ്ട് ഏറ്റ അടിയെതുടര്‍ന്ന് തലയില്‍  മാരകമായി പരിക്കേറ്റ് നിലത്ത് വീണ സുനന്ദ മരിച്ചുവെന്ന വിശ്വാസത്തിലാണ് ഷിബുമോന്‍ ഓടി പോലീസ് സ്റ്റേഷനില്‍ എത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് പേരൂര്‍ മാന്നാമല ഭാഗത്ത് നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്. 

ഷിബുമോനും മാതാവ് സുനന്ദയും തമ്മില്‍ നിലനിന്നിരുന്ന കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടായ വഴക്കാണ് അക്രമത്തില്‍ കലാശിച്ചത്. ചുറ്റിക ഉപയോഗിച്ച് അടിയേറ്റ സുനന്ദയുടെ തലയോട്ടിക്ക് പൊട്ടലും തലയുടെ പിറക് വശത്ത് ആഴത്തില്‍ മുറിവും ഉണ്ട്. ആരോഗ്യനില നിലവില്‍ ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഷിബുമോന്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. സുനന്ദയും ഷിബുമോനും തൃശൂര്‍ സ്വദേശികളാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K