30 January, 2022 06:30:53 AM


ഏറ്റുമാനൂര്‍ പേരൂരിൽ എസ് ബി ഐയുടെ എ ടി എം കൗണ്ടർ തകര്‍ത്ത് മോഷണശ്രമം



ഏറ്റുമാനൂർ: പേരൂരിൽ എസ് ബി ഐയുടെ എ ടി എം കൗണ്ടർ കുത്തിപൊളിച്ച നിലയിൽ. പുളിമൂട് കവലയിൽ ബാങ്കിനോട് ചേർന്നുള്ള എ ടി എം ആണ് തകർത്തിരിക്കുന്നത്. സംഭവം ശ്രദ്ധയിൽ പെട്ട പത്രവിതരണക്കാരൻ വിവരം സമീപത്ത് താമസിക്കുന്ന റിട്ട പോലീസ് സബ് ഇൻസ്‌പെക്ടർ പ്രസാദിനോട്‌ പറയുകയും അദ്ദേഹം അറിയിച്ചതനുസരിച്ചു ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


യന്ത്രത്തിന്റെ മുൻഭാഗം കുത്തിപൊളിച്ച നിലയിലാണ്. കൃത്യത്തിനുപയോഗിച്ചു എന്നു കരുതുന്ന കമ്പിപാര കൗണ്ടറിനുള്ളിൽ കിടപ്പുണ്ട്. ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തി. കൗണ്ടറിൽ നിന്നും മണം പിടിച്ച പോലീസ് നായ തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറി കറങ്ങിയ ശേഷം തിരിച്ചെത്തി. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച വിവരങ്ങൾ വിരലടയാള വിദഗ്ധരും ബാങ്ക് അധികൃതരും എത്തി പരിശോധിച്ചാലേ അറിയാനാവൂ.


എടിഎം സ്ഥിതി ചെയ്യുന്നത് എൻ എസ് എസ് കരയോഗം വക കെട്ടിടത്തിലാണ്. കരയോഗത്തിലെ സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ് പോലീസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K