02 January, 2022 12:42:33 PM


'മിന്നല്‍ മുരളി'യുടെ ആക്രമണം പൊലീസുകാരന്‍റെ വീട്ടില്‍; മലമൂത്ര വിസര്‍ജനവും നടത്തി



കോട്ടയം: പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന്‍റെ ജനാലകളും വാതിലും അടിച്ച് തകര്‍ത്ത 'മിന്നല്‍ മുരളി'യെ തെരഞ്ഞ് പൊലീസ്. കോട്ടയം കുമരകത്താണ് അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ മിന്നല്‍ മുരളിയെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലെ സമാന സംഭവങ്ങള്‍ നടന്നത്. പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് അക്രമം നടന്നത്. വാതിലും ജനലും തകര്‍ത്ത ശേഷം വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തിയ അക്രമി ഭിത്തിയില്‍ 'മിന്നല്‍ മുരളി ഒറിജിനല്‍' എന്നെഴുതി വച്ച ശേഷമാണ് കടന്നുകളഞ്ഞത്.


കോട്ടയം റെയില്‍വേ പൊലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് നിലവില്‍ താമസിക്കുന്നത്. ഇതോടെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ കുമരകം പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപ സംഘത്തെ ഇവിടെ നിന്ന് ഓടിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമാണ് അക്രമമെന്നാണ് പൊലീസ് നിഗമനം.


സംഭവ സ്ഥലത്തുണ്ടായിരുന്ന  ബൈക്കുകള്‍ വച്ച് അക്രമികളെ കണ്ടെത്താനാവുമെന്ന കണക്കുകൂട്ടലിലാണ് പൊലീസുള്ളത്. വൈകുന്നേരമായാല്‍ ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. റിസോര്‍ട്ടിനായി പരിസരത്തെ സ്ഥലങ്ങള്‍ വാങ്ങി വീടുകള്‍ പൊളിച്ചതോടെ ഈ പ്രദേശം ഏറെക്കുറെ വിജനമായതാണ് ഇവിടം സാമൂഹ്യവിരുദ്ധരുടെ സങ്കേതമായതിന് കാരണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K