12 December, 2021 01:47:33 PM


സര്‍ക്കാര്‍ വണ്ടിക്കെന്താ കൊമ്പുണ്ടോ?; സിഗ്നൽ തെറ്റിച്ച കാര്‍ തടഞ്ഞുനിർത്തി പോലീസുകാരന്‍



ഏറ്റുമാനൂര്‍: സര്‍ക്കാര്‍ വണ്ടിക്കെന്താ കൊമ്പുണ്ടോ? ട്രാഫിക് നിയമങ്ങൾ എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്ന് തെളിയിച്ചുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ നടപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കഴിഞ്ഞദിവസമാണ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത സര്‍ക്കാര്‍ വാഹനം തടഞ്ഞ് പോലീസുകാരന്‍ മാതൃകയായത്. ഗവണ്മെന്‍റ് ഓഫ് കേരളയുടെ ബോർഡ് വെച്ച കാറാണ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വിനോദ് എന്ന പോലീസുദ്യോഗസ്ഥന്‍ തടഞ്ഞത്. 

മറ്റുള്ള വാഹനങ്ങൾ തടഞ്ഞുനിർത്തി ഔദ്യോഗിക വാഹനങ്ങൾ കയറ്റി വിടാറുള്ള സ്ഥിരം പതിവ് തെറ്റിച്ചതിലൂടെ നിയമം ആർക്കായാലും ഒരു പോലെ ബാധകമാണ് എന്ന് തെളിയിക്കുകയായിരുന്നു പോലീസ്കാരൻ. സിഗ്നൽ തെറ്റിച്ച് മുന്നോട്ടെടുത്ത വാഹനത്തെ മറ്റുള്ള വാഹനങ്ങളെ പോലെ അദ്ദേഹം തടഞ്ഞു നിർത്തിയശേഷം പിന്നീട് മറ്റ് വാഹനങ്ങളോടൊപ്പമാണ് കടന്നുപോകാന്‍ അനുവദിച്ചത്. വഴിയില്‍ രംഗം കണ്ടുനിന്നവര്‍ ആരോ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ പോലീസുകാരന് പ്രശംസയുടെ പെരുമഴയാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K