09 December, 2021 04:45:37 PM
ബിപിന്‍ റാവത്തിനും സൈനികർക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍
ഏറ്റുമാനൂര്‍: രാജ്യം മറക്കില്ല ഒരിക്കലും - ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവത്തിനും മറ്റ് സൈനിക ഉദ്യോഗസ്ഥർക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഓട്ടോ തൊഴിലാളികള്‍. പേരൂര്‍ പൂവത്തുംമൂട് കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് രാജ്യത്തിന്‍റെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് രംഗത്തെത്തിയത്.
അപകടത്തില്‍ മരിച്ച 13 പേരുടെയും ചിത്രങ്ങള്‍ സഹിതമുള്ള ഫ്ലക്സ് ബോര്‍ഡില്‍ വ്യാഴാഴ്ച രാവിലെ ജമന്തി പൂമാല ചാര്‍ത്തി മൗനപ്രാര്‍ത്ഥന നടത്തി. വെള്ളിയാഴ്ച സംസ്കാരം നടക്കുന്ന സമയത്ത് ബോര്‍ഡിന് മുന്നില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുമെന്നും ഇവര്‍ പറയുന്നു.
പതിനഞ്ച് ഓട്ടോഡ്രൈവര്‍മാരാണ് പൂവത്തുംമൂട്ടിലുള്ളത്. ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് വെക്കാന്‍ തീരുമാനിച്ച ഇവര്‍ ഇതിനായി നഗരത്തിലെ സ്ഥാപനത്തില്‍ എത്തിയെങ്കിലും എല്ലാവരുടെയും ചിത്രം ലഭിക്കാതെവന്നതോടെ നിരാശരായി. അതിനിടെയാണ് ഡല്‍ഹിയില്‍ ബിഎസ്എഫില്‍ സേവനമനുഷ്ഠിക്കുന്ന പേരൂര്‍ സ്വദേശിയായ ബിജുവിനെകുറിച്ച് ഇവര്‍ ഓര്‍ത്തത്. ഉടനെ ബിജുവിനെ ബന്ധപ്പെട്ടു. അധികം താമസിയാതെ തന്നെ ബിജു മരണമടഞ്ഞ എല്ലാവരുടെയും ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നു.