27 November, 2021 05:19:20 PM


പിണങ്ങിനിൽക്കുന്ന ശരീരത്തെ മനസുകൊണ്ടു തോൽപ്പിച്ച് ജിഷയും വിനിഷയും



കോട്ടയം: പിണങ്ങിനിൽക്കുന്ന ശരീരത്തെ മനസുകൊണ്ടു തോൽപ്പിച്ചാണ് ജിഷയും വിനിഷയും അക്ഷരനഗരിയിലെത്തി ചായക്കൂട്ടുകളാൽ സ്വപ്‌നം രചിക്കുന്നത്. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമം പരിപാടിയുടെ ഭാഗമായ വനിത ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ ഇരുവരുടെയും സ്വപ്‌നങ്ങളിൽ നിറയെ യാത്രകളും പ്രകൃതിയുമാണ്.  

ഓസ്റ്റിയോ ജനിസിസ് ഇംപെർഫെക്ടാ എന്ന എല്ലുകൾ ഒടിഞ്ഞ് പോകുന്ന അപൂർവ രോഗം ബാധിച്ച് വീൽച്ചെയറിലാണ് കണ്ണൂർ ആലക്കോട് മഠത്തിൽവീട്ടിൽ എം.ആർ ജിഷ. വീൽചെയറിലെ ജീവിതത്തിനിടയിൽ നിറക്കൂട്ടുകളെയും ബ്രഷുകളെയും ചേർത്തുപിടിച്ചു. വരകളിലധികവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ്. ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിച്ച മലകളും മരങ്ങളുമാണ് ചിത്രങ്ങളിൽ നിറയുന്നത്. 

കുറഞ്ഞത് 15 തവണയെങ്കിലും ജിഷയുടെ ശരീരത്തിലെ പലഭാഗങ്ങളിലെ എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. അശ്രദ്ധമായ ചെറിയ അനക്കങ്ങൾ പോലും ശരീരത്തിന് ആഘാതം സൃഷ്ടിക്കും. സ്‌കൂളിലേക്കുള്ള യാത്രയടക്കം ബുദ്ധിമുട്ടിലായതോടെ പത്താംക്ലാസിൽ പഠനം നിർത്തി. വേദനകൾക്കിടയിൽ ജിഷയ്ക്ക് ചായക്കൂട്ടുകൾ കൂട്ടായി. 2009ലും 2010ലും സൂര്യ ഫെസ്റ്റിവലിലടക്കം വിവിധ സ്ഥലങ്ങളിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. ജിഷയുടെ ചിത്രങ്ങൾക്ക് ചിറകേകുന്നത് അമ്മ ഭാർഗവിയും അനിയൻ ജിതിനുമാണ്. അവരോടൊപ്പമാണ് ജിഷ കോട്ടയത്തെത്തിയത്.

മലപ്പുറം ജില്ല വിട്ട് ആദ്യമായി യാത്രചെയ്തതിന്റെ സന്തോഷത്തിലാണ് അങ്ങാടിപ്പുറം തട്ടാരക്കാട് ഓർക്കോട്ടു പറമ്പിൽ ഒ. വിനിഷ. പേശികളുടെ ശക്തി തിരിച്ചുകിട്ടാത്തവിധം ക്രമേണ കുറഞ്ഞുവരുന്ന സ്‌പൈനൽ മസ്‌കുലർ അസ്‌ട്രോഫിയെന്ന ജനിതക രോഗ ബാധിതയാണ് ഇരുപത്തിമൂന്നുകാരിയായ വിനിഷ. ചിത്രങ്ങൾ വരയ്ക്കാൻ അധികനേരം ബ്രഷ് കൈയിൽ പിടിക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയിലും നിറങ്ങളിൽ സ്വപ്‌നം ചാലിച്ച് കാൻവാസിൽ മനോഹര ചിത്രങ്ങൾ തീർക്കുന്നു. 

ജന്മനായുള്ള ശാരീരിക അവശതകളെ മറികടന്ന് പ്ലസ് ടു പൂർത്തീകരിച്ചശേഷം വിദൂരവിദ്യാഭ്യാസം വഴി കാലിക്കട്ട് സർവകലാശാലയിൽ ബിരുദ പഠനം നടത്തുകയാണ് വിനിഷ. ഒമ്പതാം ക്ലാസിലാണ് ചിത്രകലയിലേക്കു തിരിഞ്ഞത്. സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ് വിനിഷയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. അമ്മ സരസ്വതിയും അച്ഛൻ ശിവശങ്കരനും ചേട്ടനും അനിയത്തിയും വിനിഷയുടെ നിറമാർന്ന സ്വപ്‌നങ്ങൾക്ക് കരുത്തായി നിന്നു. യൂട്യൂബിലടക്കം നോക്കിയാണ് ചിത്രകല പഠിച്ചത്.

തുടർച്ചയായി ഇരിക്കാനോ ബ്രഷ് പിടിക്കാനോ കഴിയാത്തതിനാൽ ഫിസിയോതെറാപ്പിയിലൂടെ ശാരീരിക അവശതകളെ മറികടക്കാനുള്ള കഠിനശ്രമം നടത്തുന്നു. മൈൻഡ് എന്ന ഗ്രൂപ്പിലൂടെയാണ് ചിത്രകലാ ക്യാമ്പിനെക്കുറിച്ച് അറിഞ്ഞത്. മാതാപിതാക്കളെ ആഗ്രഹമറിയിച്ചപ്പോൾ അവർ ഒപ്പം നിന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വനിത കലാകൃത്തുക്കൾക്കൊപ്പം അഞ്ചുദിവസം ക്യാമ്പിൽ പങ്കെടുക്കാനായതിന്റെ സന്തോഷത്തിലാണ് മകളെന്ന് അമ്മ സരസ്വതി പറയുന്നു. നിരവധി കലാകാരന്മാർ ഇരുവർക്കും പിന്തുണയേകി ക്യാമ്പിലെത്തുന്നുണ്ട്. 

നവംബർ 30 വരെ നടക്കുന്ന വനിത ചിത്രകലാ ക്യാമ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 25 കലാകാരികൾ പങ്കെടുക്കുന്നു. വിദ്യാർഥിനികൾക്കായി ചിത്രകലാ കളരിയും നടക്കുന്നു. ക്യാമ്പിന്റെ ഭാഗമായി 20,000 രൂപ വീതം ലളിതകലാ അക്കാദമി പങ്കെടുക്കുന്ന കലാകൃത്തുക്കൾക്ക് നൽകുന്നുണ്ടെന്ന് ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K