16 July, 2025 04:02:48 PM


നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല; എന്തിനാണ് മാപ്പ്? - ശ്രീജിത്ത്‌ പണിക്കർ



തിരുവനന്തപുരം:  വധശിക്ഷ കാത്തുകിടക്കുന്ന നിമിഷ പ്രിയയുടെ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ലന്നും, മതമേലധ്യക്ഷർ ഒക്കെ എന്തിന് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാൻ ശ്രമിക്കണം? ഇവിടെ വധ ശിക്ഷ കാത്തു കിടക്കുന്നവരോടും നിങ്ങൾക്ക് ഇതേ അനുകമ്പ ഉണ്ടോയെന്നും വിമർശനവുമായി ശ്രീജിത്ത്‌ പണിക്കർ.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ശ്രീജിത്ത്‌ പണിക്കരുടെ വിമർശനം.

പോസ്റ്റ്‌ ഇങ്ങനെ -

ഇന്നാട്ടിലും വിദേശത്തും കൊലക്കേസിൽ ജയിലിൽ കിടക്കുന്നവരോടും വധ.ശിക്ഷ കാത്തു കിടക്കുന്നവരോടും നിങ്ങൾക്ക് ഇതേ അനുകമ്പയുണ്ടോ?

നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല. 

തന്റെ ബിസിനസ് പങ്കാളിക്ക് അമിതമായ അളവിൽ ഉറക്ക മരുന്ന് കൊടുക്കുന്നു. 

അയാളുടെ മ.രണം ഉറപ്പുവരുത്തുന്നു. 

ശവശരീരം പലതായി വെ.ട്ടിനുറുക്കുന്നു. അതിനൊരു സഹായിയെ കണ്ടെത്തുന്നു.

ശേഷം ശരീരഭാഗങ്ങൾ വാട്ടർ ടാങ്കിൽ നിക്ഷേപിക്കുന്നു. 

അവർക്ക് അവരുടേതായ ന്യായങ്ങൾ കാണും, ഏത് കൊ.ലപാതകത്തിലും എന്നപോലെ.

പാസ്പോർട്ട് വീണ്ടെടുക്കാൻ ആയിരുന്നെന്നും, പ്രതിരോധശ്രമം ആയിരുന്നെന്നും, അതല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നെന്നുമൊക്കെ വിചാരണാവേളയിൽ ന്യായങ്ങൾ ഉയർന്നതാണ്.

പക്ഷേ കോടതിയുടെ ചില ചോദ്യങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല. 

കൊ.ലപാതകം ആസൂത്രിതം ആയിരുന്നില്ലേ?

ഉറക്ക മരുന്ന് അമിതമായി കൊടുത്തത് പ്രതിരോധമാണോ?

ശരീരം വെ.ട്ടിമുറിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് എന്തിനാണ്? 

ഇവിടെ കുറ്റം ചെയ്തില്ലെന്ന് പ്രതി പറയുന്നില്ല. 

കൊ.ല്ലപ്പെട്ടയാളിന്റെ കുടുംബത്തിന്റെ മാപ്പാണ് ആഗ്രഹിക്കുന്നത്. 

എന്തിനാണ് മാപ്പ്?

അവരുടെ ഒരാളെ ക്രൂരമായി കൊ.ന്നതിന്. ശവശരീരത്തെയും അപമാനിച്ചതിന്. 

ഇപ്പോൾ നടക്കുന്നത് ന്യായമെന്ന ചിന്ത എനിക്കില്ല.

അങ്ങനെ ആയിരുന്നെങ്കിൽ എന്തുകൊണ്ട് ഇതേ സമീപനം ഇവിടെ ജയിലിൽ കിടക്കുന്നവരോട് നാം കാട്ടുന്നില്ല?

ഒരു രാജ്യം, പൊതുപ്രവർത്തകർ, മതമേലധ്യക്ഷർ ഒക്കെ എന്തിന് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാൻ ശ്രമിക്കണം? 

എന്റെ നീതിബോധം ഒരു കൊടും ക്രൂ.രകൃത്യത്തെ ന്യായീകരിക്കുന്നതല്ല. 

പ്രതിരോധശ്രമം എന്ന വാദം തെളിയിക്കാൻ കഴിഞ്ഞില്ലെന്നത് (കഴിയില്ലെന്നതും) ഈ കേസിലെ പ്രധാന വിഷയമാണ്.

ചെറിയൊരു കാര്യം ഓർമിപ്പിക്കാം.

സ്വന്തം രാജ്യത്തിന്റെ നിയമപ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും ചെയ്തത് തെറ്റല്ല എന്ന് തെളിഞ്ഞിട്ടും, ഇന്ത്യൻ കോടതികളുടെയും അന്താരാഷ്ട്ര കോടതിയുടെയും സംരക്ഷണം ഉണ്ടായിട്ടും, ഇറ്റാലിയൻ നാവികരെ അവരുടെ നാട്ടിലേക്ക് വിട്ടയച്ചതിനെ എതിർത്തവർ തന്നെയല്ലേ നമ്മളിൽ പലരും?


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K