18 July, 2025 09:00:42 AM
ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്ക് രണ്ടാണ്ട്; സ്മൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തി. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
ഇന്നലെ കേരളത്തിൽ എത്തിയ രാഹുൽ ഗാന്ധി ഇന്ന് രാവിലെ ഒൻപത് മണിക്ക് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.
അനുസ്മരണ പരിപാടിക്ക് ശേഷം രാഹുല്‍ഗാന്ധി തിരുവനന്തപുരത്ത് തിരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിക്കാനാണ് രാഹുല്‍ഗാന്ധി എത്തുന്നത്. രണ്ടു മണിയോടെ വഴുതക്കാട് എ കെ ആന്റണിയുടെ വസതിയില്‍ രാഹുല്‍ഗാന്ധി എത്തും. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച എ കെ ആന്റണി തിരുവനന്തപുരം വസതിയില്‍ വിശ്രമത്തിലാണ്. ഏറെ കാലത്തിന് ശേഷമാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.