15 July, 2025 04:01:47 PM


ഓൺലൈൻ വാദത്തിനു ഹാജരായത് ടോയ്‌ലറ്റിലിരുന്ന്; ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി



അഹമ്മദാബാദ്: ടോയ്‌ലറ്റിലിരുന്നു വെര്‍ച്വല്‍ കോടതിയില്‍ ഹാജരായ വ്യക്തിക്ക് ഒരു ലക്ഷം രൂപ പിഴ കെട്ടിവെക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചു. കോടതിയലക്ഷ്യത്തിന് നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതോടെയാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് നിസാര്‍ എസ് ദേശായി ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. വിഡിയോ വൈറലായതോടെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തു.

ജൂലൈ 22നകം ഒരു ലക്ഷം രൂപ കെട്ടിവെക്കാനാണ് അബ്ദുള്‍ റഹ്മാന്‍ ഷാ എന്ന വ്യക്തിയോട് ജസ്റ്റിസ് എ എസ് സുപേഹിയസ ആര്‍ ടി വച്ചാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. ലൈവ് സ്ട്രീമിങ് നടപടികള്‍ക്കിടെയുണ്ടായ തന്റെ പെരുമാറ്റം കുറ്റകരമാണെന്ന് സമ്മതിക്കുകയും നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്ന് ഇയാള്‍ പറയുകയും ചെയ്തു. ജൂണ്‍ 20ന് വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. 74 മിനിറ്റ് വാദം നീണ്ടു നിന്നു. കോവിഡ് 19 മുതല്‍ മിക്ക കോടതികളും വിചാരണ നടപടികളില്‍ വെര്‍ച്വലായി പങ്കെടുക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

കോടതിയുടെ തന്നെ യൂ ട്യൂബ് ചാനല്‍ വഴിയാണ് നടപടിക്രമങ്ങള്‍ സംപ്രേഷണം ചെയ്തത്. ടോയ്‌ലറ്റില്‍ നിന്നും ഇയാള്‍ പിന്നീട് റൂമിലേയ്ക്ക് പോവുകയും വീണ്ടും ലോഗിന്‍ ചെയ്ത് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതും എല്ലാം വിഡിയോയിലുണ്ട്. രണ്ട് വ്യക്തികള്‍ക്കെതിരെ അബ്ദുള്‍ റഹ്മാന്‍ ഷാ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുകക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പാകുകയും എഫ്‌ഐആര്‍ റദ്ദാക്കുകയും ചെയ്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K