19 November, 2021 02:43:21 PM


കുട്ടിയെ പരസ്യവിചാരണ ചെയ്ത ഉദ്യോ​ഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിലുണ്ടോ? - ഹൈക്കോടതി



കൊച്ചി: പിങ്ക് പോലീസ് കുട്ടിയെ വിചാരണ ചെയ്ത സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോ​ഗസ്ഥക്ക് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈൽ ഫോണിനെ കുറിച്ച് ചോദിച്ചതെന്നു കോടതി. ഈ പോലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസിൽ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സംഭവം ചെറുതായി കാണാൻ ആവില്ലെന്നും കോടതി പറഞ്ഞു. 

മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യ വിചാരണയ്ക്കിരയാക്കിയ ജയചന്ദ്രന്‍റെ മകൾ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കർശനനടപടിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്‍റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്‍റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. 

മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാന്‍റ്ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. എന്നാൽ പൊലീസിന്‍റെ പീ‍ഡനം കാരണം ഞങ്ങൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായി. കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ എന്നിട്ടും പൊലീസും സർക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്ക് അടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണവിധേയ ആയ രജിതയുടെ താൽപ്പര്യപ്രകാരം സ്ഥലം മാറ്റം നൽകുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു. ചെയ്യാത്ത തെറ്റിന്‍റെ പേരിൽ പീഡിപ്പിക്കപ്പെട്ട തങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെൺകുട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. 

ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ ചോദ്യം ചെയ്തത്. പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തിൽ ഒതുക്കി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K