08 November, 2021 12:28:04 PM
ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഹോട്ടല്‍ ഉടമയില്‍നിന്ന് ഓണ്‍ലൈനില്‍ പണം തട്ടാന്‍ ശ്രമം
കോട്ടയം: ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഹോട്ടല്‍ ഉടമയില്‍നിന്ന് ഓണ്‍ലൈനില്‍ പണം തട്ടാന്‍ ശ്രമം. കുമരകം കൈപ്പുഴമുട്ടില്‍ പ്രവര്‍ത്തിക്കുന്ന നന്ദനം ഹോട്ടലിലെ ഷിബുവാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസം വൈകിട്ട് ഷിബുവിന്റെ ഫോണില്‍ വിളിച്ച് കുമരകം താജ് ഹോട്ടലില്‍ താമസിക്കുന്ന സൈനിക ഉദ്യോഗസ്ഥരായ തങ്ങള്‍ക്ക് ഭക്ഷണം വേണമെന്ന് ഹിന്ദിയില്‍ ആവശ്യപ്പെട്ടു. 4800 രൂപയുടെ ഭക്ഷണ ബില്ല് ഓണ്‍ലൈനായി അടക്കാന്‍ ഷിബുവിന്റെ അക്കൗണ്ട് നമ്പറും ഒപ്പം എ.ടി.എം കാര്‍ഡ് നമ്പറും വാട്സ് ആപ്പില്‍ ആവശ്യപ്പെട്ടു.
ഷിബുവിന്റെ എ.ടി.എം കാര്‍ഡ് നമ്പര്‍ കൊടുത്തതോടെ മൊബൈലില്‍ ഒ.ടി.പി വരുകയും ആ നമ്പര്‍ പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടു ഹിന്ദിക്കാരന് പിന്നെയും വിളിച്ചു. സൈന്യത്തിന്റെ പേരിലുള്ള പണമിടപാട് ആയതുകൊണ്ട് എ.ടി.എം കാര്‍ഡ് നമ്പറും ഒ.ടി.പിയും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ഷിബു ഒ.ടി.പി നമ്പര്‍ പറഞ്ഞു കൊടുക്കാന്‍ തയാറാകാതെ വന്നതോടെ അയാള്‍ ദേഷ്യപ്പെട്ട് ഫോണ്‍വെച്ചു. മൊബൈലില്‍ വന്ന മെസേജ് പരിശോധിച്ചപ്പോള്‍ 50,000 രൂപക്ക് മുകളില്‍ പിന്‍വലിക്കാനുള്ള രീതിയില്‍ ഒ.ടി.പി ആയിരുന്നെന്നും മൊബൈല്‍ ഫോണ്‍ ഉടന്‍ ഓഫാക്കിയതായും ഷിബു പറഞ്ഞു.