05 November, 2021 07:44:13 PM
കുരിശ് തകര്‍ന്ന് വീണ് അതിരമ്പുഴ ആരാധനാമഠം ചാപ്പലിന്‍റെ മേല്‍ക്കൂര തകര്‍ന്നു
ഏറ്റുമാനൂര്‍: കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ അതിരമ്പുഴയിലും പരിസരങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതിരമ്പുഴ ആരാധനാ മഠത്തിന്‍റെ ചാപ്പലിന്‍റെ മുൻവശത്ത് മുകളിലുള്ള കുരിശ് ഇടിമിന്നലിൽ തകർന്നു. ആരാധനാ സഭയുടെ സഹസ്ഥാപക ദൈവദാസി മദർ മേരി ഷന്താളിന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന ചാപ്പലാണിത്. കുരിശ് മേൽക്കൂര തകർത്ത് മദർ ഷന്താളിന്‍റെ കബറിടത്തിന്‍റെ മുകളിൽ സീലിംഗിൽ തങ്ങി നിൽക്കുകയായിരുന്നു.
ചാപ്പലിന്‍റെ മേൽക്കൂരയിലെ ഓടുകളും തകർന്നു. ചാപ്പലിന് മിന്നലേൽക്കുമ്പോൾ ചാപ്പലിനുള്ളിൽ കന്യാസ്ത്രീകൾ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ആർക്കും പരിക്കില്ല. ഇടിമിന്നലിൽ അതിരമ്പുഴ കീഴേടത്ത് സുനിലിന്‍റെ വീടിന്‍റെ ചിമ്മിനിയും വാട്ടർ ടാങ്കും തകർന്നു. ഭിത്തിക്ക് വിള്ളലുണ്ട്. അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലെ മൂന്ന് കമ്പ്യൂട്ടറുകളും രണ്ട് ടിവികളും നശിച്ചു. ഒട്ടേറെ വീടുകളിൽ ഫാൻ, ട്യൂബ് ലൈറ്റ്, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവ കേടായി.