01 February, 2020 06:21:44 PM


ഉത്പാദനം നിലച്ചു, ശമ്പളം മുടങ്ങി: കോട്ടയം ടെക്‌സ്റ്റയില്‍സ് വന്‍ പ്രതിസന്ധിയില്‍



ഏറ്റുമാനൂര്‍ : കേരളാ സംസ്ഥാന ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്റെ കീഴില്‍ കോട്ടയം വേദഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ടെക്സ്റ്റയില്‍സ് വന്‍ പ്രതിസന്ധിയില്‍. അഞ്ച് വര്‍ഷം മുമ്പ് ഇലക്ട്രിസിറ്റി ബോര്‍ഡ് വൈദ്യുതി ബന്ധം വിശ്ചേദിച്ചതോടെ താഴ് വീണ സ്ഥാപനം പിന്നീട് തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ജീവനക്കാരുടെ കഷ്ടതകള്‍ക്ക് ഇനിയും പരിഹാരമായില്ല. ഒരു കോടി ഒരു ലക്ഷത്തില്‍പരം രൂപ വൈദ്യുതി കുടുശിഖ വന്നതിനെ തുടര്‍ന്നാണ് 2016 സെപ്തംബര്‍ 30ന് ബോര്‍ഡ് ഫ്യൂസ് ഊരിയത്. 


ഏറെ കാത്തിരിപ്പിനു ശേഷം സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് തുറന്ന മില്ലില്‍ നാല് ആഴ്ചയായി ഉത്പാദനം പൂര്‍ണ്ണമായി നിലച്ചിട്ട്. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുടിശിഖയായിട്ട് മാസങ്ങളായി. പിരിഞ്ഞുപോയവരുടെ ക്ഷേമനിധി, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ തന്നെ നാല് കോടി രൂപയോളം വരുമെന്നാണ് കണക്കുകള്‍. വൈദ്യുതി കുടിശിഖയും കോടികളുണ്ടത്രേ. 2015 വരെ മൂന്ന് ഷിഫ്റ്റുകളിലായി മുന്നൂറിലധികം ജീവനക്കാര്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഇവരുടെ വീടുകളില്‍ അടുപ്പ് പുകയുന്നത് നല്ല നേരം നോക്കി. പൊതുമേഖലാ സ്ഥാപനമെന്ന് പറഞ്ഞ് റേഷന്‍ കാര്‍ഡ് വരെ വെള്ള നിറമായപ്പോള്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പലതും നിലച്ചു എന്നു മാത്രമല്ല റേഷനരി വാങ്ങാനുള്ള പഴുതു പോലും അടഞ്ഞു. 


ഒരു ദശാബ്ദം മുമ്പ് വരെ വളരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് വേദഗിരി സ്പിന്നിംഗ് മില്‍. ഒരു മാസം പത്ത് ലക്ഷത്തിലധികം രൂപ ലാഭമുണ്ടായിരുന്നതായും തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. കോര്‍പ്പറേഷന്റെ കീഴില്‍ കേരളത്തില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന മില്ലും ഇതായിരുന്നു. നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന മറ്റ് പല മില്ലുകളിലേക്കും മെറ്റീരിയല്‍സ് വാങ്ങുന്നതിനും ശമ്പളകുടിശിഖ തീര്‍ക്കുന്നതിനുമൊക്കെ ഇവിടെനിന്നുള്ള ഫണ്ട് വിനിയോഗിച്ചിരുന്നുവത്രെ. മറ്റ് മില്ലുകളില്‍നിന്നും റിട്ടയര്‍ ചെയ്യാറാകുന്ന ഉദ്യോഗസ്ഥരെ വേദഗിരിയിലേക്ക് സ്ഥലം മാറ്റി ഇവിടെ നിന്നും ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടെ വിരമിപ്പിക്കുകയാണ് ഒരുകാലത്ത് ചെയ്തിരുന്നത്. 


1968ല്‍ കോട്ടയം പരിപ്പ് കൈതാരത്തില്‍ കെ.എസ്.നാരായണ അയ്യരുടെ ഉടമസ്ഥതയില്‍ ആരംഭിച്ച കോട്ടയം ടെക്സ്റ്റയില്‍സ് പിന്നീട് കേരള സംസ്ഥാന ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുകയായിരുന്നു. ഇന്‍ഡ്യയിലെ പരുത്തികൃഷിയെ ആശ്രയിച്ചാണ് കോട്ടയം ടെക്സ്റ്റയില്‍സ് ഉള്‍പ്പെടെ മില്ലുകളുടെ പ്രവര്‍ത്തനം നടന്നുവന്നിരുന്നത്. കോട്ടയം ടെക്സ്റ്റയില്‍സില്‍ തുടക്കം മുതല്‍ കോട്ടണ്‍ നൂല്‍ ഉല്‍പാദനം മാത്രമാണ് നടന്നിരുന്നത്. 14 വര്‍ഷം മുമ്പ് തമിഴ് നാട്ടുകാരനായ ഗണേശ്കുമാര്‍ മാനേജിംഗ് ഡയറക്ടറായി സ്ഥാനമേറ്റശേഷം നടത്തിയ പരിഷ്‌കാരങ്ങളാണ് കോട്ടയം ടെക്സ്റ്റയില്‍സിന്റെ ഗ്രാഫ് താഴുവാന്‍ കാരണമായതെന്ന് ജീവനക്കാര്‍ പറയുന്നു. 


കോട്ടണ്‍ നൂല്‍ ഉദ്പാദനം പാടേ നിര്‍ത്തി. പകരം സിന്തറ്റികും കോട്ടണും കലര്‍ത്തി പോളിസ്റ്റര്‍ നൂല്‍ ഉത്പാദിപ്പിക്കുവാന്‍ തുടങ്ങി. അന്യസംസ്ഥാനങ്ങളില്‍ നിന്നും സീസണില്‍  നേരിട്ട് വാങ്ങുന്ന പഞ്ഞി ഇവിടെ സ്റ്റോക്ക് ചെയ്തിരുന്നു. ഇതുപയോഗിച്ച് നിര്‍മ്മിക്കുന്ന കോട്ടണ്‍ നൂല്‍ വിവിധ കേന്ദ്രങ്ങളിലുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ച ശേഷം വില കയറുമ്പോള്‍ നേരിട്ട് വില്‍ക്കും. മുംബൈ ആയിരുന്നു പ്രധാന വിപണനകേന്ദ്രം. കമ്പനിയുടെ നേരിട്ടുള്ള കൊടുക്കല്‍ വാങ്ങലുകള്‍ നിര്‍ത്തി പകരം ഒരു ഏജന്റ് വഴിയായി കാര്യങ്ങള്‍. എന്നാല്‍ രേഖകളിലുള്ള ഈ ഏജന്റിനെ തങ്ങളാരും കണ്ടിട്ടില്ലെന്നും എം.ഡിയുടെ ബിനാമിയായിരുന്നു ഇയാളെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.


സിന്തറ്റിക് ഉപയോഗിച്ച് തുടങ്ങിയതോടെ യന്ത്രങ്ങള്‍ക്ക് തേയ്മാനം കൂടി. മെഷിനറികളുടെ അറ്റകുറ്റപണികള്‍ യഥാസമയം നടത്താന്‍ കമ്പനി തയ്യാറായില്ല. യന്ത്രങ്ങള്‍ കാലഹരണപ്പെട്ടു തുടങ്ങിയതോടെ വൈദ്യുതി ചാര്‍ജും അമിതമായി വര്‍ദ്ധിച്ചു. മെറ്റീരിയല്‍സിന്റെ അഭാവം മൂലം ആഴ്ചകളോളം ജോലി നടക്കാതിരിക്കുന്നതും നിത്യസംഭവമായി. വൈദ്യുതിചാര്‍ജ് അടയ്ക്കാനും ശമ്പളം നല്‍കാനും പണമില്ലാതെ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് ഒരിക്കല്‍ തുറന്ന താഴ് വീണ്ടും വീഴാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്ന് തൊഴിലാളികള്‍. പുതിയ മാനേജിംഗ് ഡയറക്ടര്‍ മില്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ലെന്നും ജീവനക്കാര്‍ പറയുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K