10 November, 2025 10:11:11 PM


റയിൽവേ സ്റ്റേഷന്‍ ധർണയ്ക്ക് നേതൃത്വം നൽകി നഗരസഭയിലെ ബിജെപി കൗൺസിലറും



കോട്ടയം: ട്രെയിനിന് സ്റ്റോപ്പ്  അനുവദിക്കണമെന്ന് ആവശ്യപെട്ട് ഏറ്റുമാനൂർ വികസന സമിതി ഏറ്റുമാനൂർ റയിൽവേ സ്റ്റേഷനിൽ നടത്തിയ ധർണയിൽ ബിജെപി നേതാക്കളും. ഫലത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള സമരത്തിലാണ് ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ കൂടിയായ മഹിളാമോർച്ച ജില്ലാ നേതാവ് ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തത്. ഇത് പാർട്ടിക്കുള്ളിൽ ചർച്ചയായിരിക്കുകയാണ്.

സ്റ്റേഷന്‍റെ അടിസ്ഥാനവികസനവും വഞ്ചിനാട് ഉൾപ്പെടെ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പും ആവശ്യപെട്ടായിരുന്നു സമരം.  സ്റ്റേഷന്‍റെ മുന്നിൽ നടന്ന ധർണ ഏറ്റുമാനൂർ വികസന സമിതി പ്രസിഡന്‍റ് കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ശബരിമല സീസണില്‍ ഏറ്റുമാനൂരിലൂടെ കടന്നുപോകുന്ന എല്ലാ തീവണ്ടികൾക്കും സ്റ്റോപ്പനുവദിക്കുന്നതോടൊപ്പം റിസർവേഷൻ കൗണ്ടർ തുറക്കുക, രണ്ടും മൂന്നും പ്ളാറ്റ്ഫോമുകളിലേക്ക് ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുകൂടിയായിരുന്നു സമരം.

മഹിളാമോർച്ച ജില്ലാ സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറുമായ ഉഷ സുരേഷ്, ഏറ്റുമാനൂർ വികസന സമിതി സെക്രട്ടറി എം എസ് വിനോദ്, സുരേഷ് കുമാർ വി, അനിൽകുമാർ ബി നായർ, കെ എൻ സുരേഷ് പിളള, ജയകുമാർ ജെ എന്നിവർ നേതൃത്വം നൽകി. ഫ്രണ്ട്സ് ഓൺ റയിൽസ് ഭാരവാഹികളായ ശ്രീജിത്ത് കുമാർ, അജാസ് വടക്കേടം എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 102